മിന്നൽ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി; ഇത്തവണ ഇര ഇംഗ്ലീഷ് താരം -വിഡിയോ
text_fieldsചെന്നൈ: വിക്കറ്റിനു പിന്നിൽ മിന്നൽ സ്റ്റമ്പിങ്ങുമായി വീണ്ടും വെറ്ററൻ താരം എം.എസ്. ധോണി. ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിലാണ് ധോണിയുടെ അതിവേഗ സ്റ്റമ്പിങ്.
തകർപ്പൻ ഫോമിൽ കളിച്ചിരുന്ന ആർ.സി.ബിയുടെ ഇംഗ്ലീഷ് താരം ഫിൽ സാൾട്ടിനെയാണ് മുൻ ഇന്ത്യൻ നായകൻ അതിവേഗ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. നൂർ അഹ്മദ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിൽ സാൾട്ട് ചെറുതായൊന്ന് ഓവര്‍സ്‌റ്റെപ്പ് ചെയ്തതു മാത്രമേ ഓർമയുള്ളു! നൂറിന്‍റെ ഗൂഗ്ലി സാൾട്ടിന് പിടികൊടുക്കാതെ നേരെ ധോണിയുടെ കൈകളിലേക്ക്. സാൾട്ട് കണ്ണടച്ചു തുറക്കുംമുമ്പേ ധോണി സ്റ്റമ്പിളക്കി. ചെന്നൈ താരങ്ങളുടെ അപ്പീലിൽ അമ്പയർ റിവ്യൂവിന് പോയി.
റീപ്ലേയിൽ താരത്തിന്‍റെ കാൽ ഈസമയം നിലത്തു തട്ടിയില്ലെന്ന് വ്യക്തമായി. പിന്നാലെ അമ്പയർ ഔട്ട് വിധിച്ചു.
16 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 32 റൺസെടുത്താണ് സാൾട്ട് പുറത്തായത്. ഈ പ്രായത്തിലും കീപ്പിങ്ങില്‍ തന്റെ വൈഭവം ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് മുൻ ഇന്ത്യൻ നായകന്‍റെ പ്രകടനം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ധോണി അതിവേഗ സ്റ്റമ്പിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്നു.
അന്ന് മുംബൈ നായകന്‍ സൂര്യകുമാർ യാദവിനെയാണ് ധോണി പുറത്താക്കിയത്. അന്നും പന്തെറിഞ്ഞത് നൂര്‍ അഹമ്മദായിരുന്നു. ഒരു മികച്ച ഷോട്ട് കളിക്കാനായി സൂര്യ ഓവര്‍സ്‌റ്റെപ്പ് ചെയ്തത് മാത്രമേ ഓർമയുള്ളു! പന്ത് ബാറ്റിൽ കൊണ്ടില്ല. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അതിലേറെ വേഗത്തിൽ പന്ത് കൈക്കലാക്കി ധോണി സ്റ്റമ്പിളക്കി. എന്നാൽ, മത്സരത്തിൽ ധോണിയുടെ ചെന്നൈ 50 റൺസിന് ബംഗളൂവിനോട് തോറ്റു.
ഐ.പി.എല്ലിൽ 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗളൂരു ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ഒരു വിജയം നേടുന്നത്. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയതും മികച്ച പാർട്നർഷിപ് കണ്ടെത്താനാകാത്തതും ചെന്നൈക്ക് തിരിച്ചടിയായത്. 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് അവരുടെ ടോപ് സ്കോറർ. ഐ.പി.എൽ ആദ്യ സീസണു ശേഷം ആദ്യമായാണ് ബംഗളൂരു ടീം ചെന്നൈയിൽ ജയിക്കുന്നത്. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ ഏഴിന് 196, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ എട്ടിന് 146.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

