വിക്കറ്റിനു പിന്നിൽ തലക്ക് ‘ഇരട്ട സെഞ്ച്വറി’! ഐ.പി.എല്ലിൽ 200 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ്കീപ്പറായി ധോണി
text_fieldsലഖ്നോ: വിക്കറ്റിനു പിന്നിൽ ചരിത്ര നേട്ടം സ്വന്തമാക്കി വെറ്ററൻ താരം എം.എസ്. ധോണി. ഐ.പി.എല്ലിൽ 200 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ്കീപ്പറെന്ന നാഴികക്കല്ല് ഇനി തലയുടെ പേരിൽ. ഐ.പി.എല്ലിൽ ലഖ്‌നോ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ധോണി നേട്ടം സ്വന്തമാക്കിയത്.
രവീന്ദ്ര ജദേജ എറിഞ്ഞ 14ാം ഓവറിൽ ആയുഷ് ബധോനിയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയാണ് ധോണി നേട്ടം കൈവരിച്ചത്. അർധ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിനേയും (63) ധോണി ക്യാച്ചെടുത്താണ് പുറത്താക്കിയത്. കൂടാതെ, ധോണി മികച്ച ഒരു ത്രോയിലൂടെ റണ്ണൗട്ടാക്കിയും ആരാധകരെ വിസ്മയിപ്പിച്ചു. 19ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു കിടിലൻ ത്രോ. പതിരാനയെറിഞ്ഞ ബോൾ വൈഡായി മാറിയെങ്കിലും ബാറ്റിങ് എൻഡിലുണ്ടായിരുന്ന ലഖ്നോ താരം അബ്ദുസമദ് റണ്ണിനാടി ഓടി. പന്ത് കൈക്കലാക്കിയ ധോണി ഗ്ലൗ പോലും ഊരാതെ ഉയർത്തി ബൗളിങ് എൻഡിലെ വിക്കറ്റിന് എറിയുകയായിരുന്നു. ബാറ്ററുടെയും തലക്കു മുകളിലൂടെ പന്ത് പറന്നിറങ്ങി നേരെ വിക്കറ്റിലാണ് കൊണ്ടത്.
ഐ.പി.എല്ലിൽ 200 പേരെ പുറത്താക്കിയതിൽ 154 ക്യാച്ചുകളും 46 സ്റ്റമ്പിങ്ങുമാണ്. 182 പേരെ പുറത്താക്കിയ ദിനേശ് കാർത്തികാണ് പട്ടികയിൽ രണ്ടാമത്. മത്സരത്തിൽ ലഖ്‌നോവിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നോ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റൺസ് നേടി. ധോണിയുടെ അവസാന ഓവറുകളിലെ വമ്പനടികളാണ് ചെന്നൈക്ക് ജയം സാധ്യമാക്കിയത്. 11 പന്തിൽ ഒരു സിക്സും നാല് ഫോറും സഹിതം 26 റൺസാണ് നായകന്‍റെ സമ്പാദ്യം.
ഇംപാക്ട് പ്ലെയറായത്തിയ ശിവം ദുബെയാണ് (37 പന്തില്‍ 43 റണ്‍സ്) ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് ധോണി വീണ്ടും നായക പദവിയിലേക്ക് എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.