കോഹ്ലിയോ രോഹിത്തോ അല്ല! ലോകകപ്പിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ഈ താരമെന്ന് മുഹമ്മദ് കൈഫ്
text_fieldsരാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പ് അടുത്തെത്തി. കിരീട ഫേവറൈറ്റുകളായ ഇന്ത്യ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ഏഷ്യാ കപ്പിൽ കാഴ്ചവെച്ചത്.
ഫൈനലിൽ ലങ്കയെ 15.1 ഓവറിൽ 50 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, 6.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ഏഷ്യാ കപ്പിൽ എട്ടാം കിരീടം. പേസർ മുഹമ്മദ് സിറാജിന്‍റെ അവിസ്മരണീയ ബൗളിങ്ങാണ് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഏഴു ഓവറുകൾ എറിഞ്ഞ താരം 21 റൺസ് വഴങ്ങി ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒരോവറിൽ മാത്രം നാലു വിക്കറ്റുകൾ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സിറാജ്.
സിറാജിനെ പ്രകീർത്തിച്ച് മുൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സിറാജിനെ വിശേഷിപ്പിച്ചത്. ‘ഫ്ലാറ്റ് പിച്ചിൽ ഒരു ബാറ്ററെ എഡ്ജിലൂടെ പുറത്താക്കാനും സ്റ്റെമ്പ് തെറിപ്പിക്കാനും സിറാജിന് പ്രത്യേക കഴിവുതന്നെയുണ്ട്. നാട്ടിൽ നടക്കുന്ന ലോകകപ്പിൽ മുഹമ്മദ് സിറാജ് ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാകും’ -കൈഫ് എക്സ്പ്ലാറ്റ്ഫോമിൽ കുറിച്ചു.
ജസ്പ്രീത് ബുംറക്കൊപ്പം ബൗളിങ് ഓപ്പൺ ചെയ്ത സിറാജിന്‍റെ ആദ്യ ഓവർ മെയ്ഡനായിരുന്നു. താരത്തിന്‍റെ രണ്ടാമത്തെ ഓവറിലാണ് ലങ്കൻ ബാറ്റിങ്ങിന്‍റെ നടുവൊടിച്ചത്. നാലു മുൻനിര ബാറ്റർമാരെയാണ് ഈ ഓവറിൽ താരം മടക്കിയത്.