കോവിഡ് നിയന്ത്രണങ്ങൾ; ആസ്ട്രേലിയയിലുള്ള സിറാജിന് പിതാവിെൻറ അന്ത്യചടങ്ങുകൾക്ക് എത്താനാകില്ല
text_fieldsസിഡ്നി: ആസ്ട്രേലിയയിലുള്ള ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പിതാവിെൻറ അന്ത്യചടങ്ങുകൾക്ക് എത്താൻ സാധിക്കില്ല.ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് സിറാജിന് സ്വദേശമായ ഹൈദരാബാദിലേക്ക് എത്താൻ സാധിക്കാത്തത്. സിഡ്നിയിൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലിക്കവേയാണ് സിറാജിനെത്തേടി പിതാവിെൻറ മരണവാർത്തയെത്തിയത്.
ശ്വാസകോശ പ്രശ്നങ്ങൾ അലട്ടിയിരുന്ന സിറാജിെൻറ പിതാവ് മുഹമ്മദ് ഗൗസ് ഇന്നലെയാണ് മരണപ്പെട്ടത്. 53 വയസ്സായിരുന്നു. ആസ്ട്രേലിയയിലെത്തും മുമ്പാണ് പിതാവിനെ അവസാനമായി വിളിച്ചതെന്ന് സിറാജ് അറിയിച്ചു. തെൻറ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് നഷ്ടമായതെന്നും അദ്ദേഹത്തിെൻറ ഏറ്റവും വലിയ ആഗ്രഹമായ ഇന്ത്യൻ ജഴ്സിയണിയാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും സിറാജ് പ്രതികരിച്ചു.
2017ൽ സിറാജ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ ഹൈദരാബാദ് നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന ഗൗസ് വാർത്തകളിലിടം നേടിയിരുന്നു. ഐ.പി.എൽ താരലേലത്തിൽ ഉൾപ്പെട്ടതോടെ സിറാജിന് ലഭിച്ച പണംകൊണ്ട് കുടുംബം പുതിയ വീട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിലെ ഉജ്ജ്വല പ്രകടനമാണ് സിറാജിന് ആസ്ട്രേലിയൻ പര്യടനത്തിൽ ഇടം നൽകിയത്.
ഇന്ത്യക്കായി മൂന്ന് ട്വൻറി 20യിലും ഒരു ഏകദിനത്തിലും സിറാജ് കളത്തിലിറങ്ങിയിട്ടുണ്ട്. ആസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് ടീമിൽ സിറാജ് അരങ്ങേറുമെന്നാണ് കരുതുന്നത്.