തല്ലുവാങ്ങി പ്രസിദ്ധ് കൃഷ്ണ; ആരാധകർ ചോദിക്കുന്നു ഷമിയും സിറാജുമെവിടെ ?
text_fields358 റൺസെന്ന കൂറ്റൻ സ്കോർ പോലും പ്രതിരോധിക്കാനാവാതെ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്ത്യയുടെ ബൗളർമാരിൽ എല്ലാവരും തല്ലുവാങ്ങിയെങ്കിലും ഏറ്റവും മോശം പ്രകടനം നടത്തിയത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. 8.2 ഓവർ പന്തെറിഞ്ഞ പ്രസിദ്ധ് 85 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ ആരാധകരിൽ നിന്നും ഒരു ചോദ്യമുയരുകയാണ്. എവിടെയാണ് ഇന്ത്യയുടെ സൂപ്പർ ബൗളിങ് ത്രയം എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവമാണ് ഇന്ത്യയുടെ പരാജയകാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.
ട്വന്റി 20 ലോകകപ്പിനായി ബുംറക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ആഭ്യന്തരമത്സരങ്ങളിൽ കളിക്കുന്നുണ്ടെങ്കിലും ഷമിയെ ദേശീയ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. സിറാജിന്റെ സ്ഥിതിയും ഇതു തന്നെയാണ്. സിറാജിന്റെ അഭാവത്തിൽ പ്രതികരണവുമായി മുൻഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയും രംഗത്തെത്തി.
മുഹമ്മദ് സിറാജിന് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു ഏക ഫോർമാറ്റ് കളിക്കാരനായി മാറിയിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഇത് എപ്പോഴാണ് സംഭവിച്ചത്?. സിറാജ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ, അദ്ദേഹത്തിന്റെ അഭിനിവേശം, പ്രതിബദ്ധത, വിക്കറ്റ് എടുക്കൽ കഴിവുകൾ എന്നിവയെക്കുറിച്ച് താൻ വളരെയധികം അഭിമാനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചോപ്രയുടെ അതേ ചോദ്യമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരോട് ആരാധകരും ചോദിക്കുന്നത്. നിലവിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന ഷമിയേയും സിറാജിനേയും എന്തുകൊണ്ടാണ് ഏകദിന ടീമിൽ ഉപ്പെടുത്താത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. ബുംറക്ക് കൂടുതൽ ദിവസം വിശ്രമം അനുവദിക്കുന്നതിലും ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

