ആർ.സി.ബിക്കായി ആർപ്പുവിളിച്ച ആരാധകരോട് ഇന്ത്യക്കായി ജയ് വിളിക്കാൻ ആവശ്യപ്പെട്ടു; കൈയ്യടി നേടി മുഹമ്മദ് സിറാജ്
text_fieldsന്യൂഡൽഹി: മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനെ 372 റൺസിന് തോൽപിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര 1-0ത്തിന് സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിന്‍റെ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് പിഴുത പേസർ മുഹമ്മദ് സിറാജും മത്സരത്തിൽ മിന്നും പ്രകടനം നടത്തിയിരുന്നു. സിറാജിന്‍റെ മാസ്മരിക സ്പെല്ലിൽ തകർന്നടിഞ്ഞ കിവീസിന് ആ ഷോക്കിൽ നിന്ന് മുക്തരാകാൻ സാധിച്ചിരുന്നില്ല. 62 റൺസിനായിരുന്നു സന്ദർശകർ കൂടാരം കയറിയത്.
എന്നാൽ മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സിറാജിന്‍റെ ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ആർ.സി.ബിക്കായി ആർപ്പുവിളിച്ച ആരാധകരോട് ഇന്ത്യക്കായി ജയ് വിളിക്കാൻ ആവശ്യപ്പെട്ടാണ് സിറാജ് കൈയ്യടി നേടുന്നത്.
മത്സരശേഷം പുരസ്കാരദാന ചടങ്ങിനിടെ സിറാജ് ആരാധകരെ അഭിവാദ്യം ചെയ്യുകയും ഫ്ലയിങ് കിസ് നൽകുകയും ചെയ്തു. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലെ സിറാജിന്‍റെ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി അവർ ആർപ്പുവിളി തുടങ്ങി. ആർ.സി.ബി...ആർ.സി.ബി എന്നാണ് ആരാധകർ വിളിക്കാൻ തുടങ്ങിയത്. അപ്പോൾ ഇന്ത്യൻ ജഴ്സി കാണിച്ച് സിറാജ് രാജ്യത്തിനായി ആർപ്പുവിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിഡിയോ സോഷ്യൽ മീഡയയിൽ ൈവറലായി മാറി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബൂംറക്കും മുഹമ്മദ് ഷമിക്കുമൊപ്പം സിറാജും സ്ഥാനം നേടിയേക്കും. ഐ.പി.എല്ലിൽ ആർ.സി.ബി നിലനിർത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സിറാജ്.