Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഗാർക്കർ ഇത്...

അഗാർക്കർ ഇത് കാണുന്നുണ്ടോ..? രണ്ട് കളിയിൽ 15 വിക്കറ്റ് വീഴ്ത്തി ഷമി;​ സെലകട്ർമാരുടെ വായടപ്പിച്ച് രഞ്ജിയിൽ വിക്കറ്റ് കൊയ്ത്ത്

text_fields
bookmark_border
Mohammad Shami
cancel
camera_alt

രഞ്ജിയിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പന്തുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ഫിറ്റ്നസിനെയും ഫോമിനെയും ചോദ്യം ചെയ്ത ഇന്ത്യൻ ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറിന് വായടപ്പൻ മറുപടിയുമായി രഞ്ജി ട്രോഫിയിൽ മുഹമ്മദ് ഷമിയുടെ ഉജ്വല പ്രകടനം.

കളിക്കാൻ ഫിറ്റല്ലെന്നും പറഞ്ഞ് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയ ഷമി, രഞ്ജി ട്രോഫിയിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും പശ്ചിമ ബംഗാളിന്റെ വിജയ ശിൽപിയായി. ആദ്യ മത്സരത്തിൽ ഉത്തരഖണ്ഡിനെതിരെ എട്ടു വിക്കറ്റിനും, രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 141 റൺസിനും ബംഗാൾ മിന്നും ജയം നേടിയപ്പോൾ രണ്ട് കളിയിലെ നാല് ഇന്നിങ്സുകളിൽ നിന്നായി 15 വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഉത്തരഖണ്ഡിനെതിരായ ഒന്നാം ഇന്നിങ്സിൽ 14.5 ഓവർ എറിഞ്ഞ് മൂന്നു വിക്കറ്റും, രണ്ടാം ഇന്നിങ്സിൽ നാലും വിക്കറ്റ് വീഴ്ത്തിയാണ് ഷമി ടീമിന്റെ മുൻനിര വിക്കറ്റ് വേട്ടക്കാരനായത്.

രണ്ടാം മത്സരത്തിൽ മികച്ച ബാറ്റിങ് ലൈനപ്പുമായി കളിച്ച ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ 18.3 ഒവർ എറിഞ്ഞ് മൂന്നും, രണ്ടാം ഇന്നിങ്സിൽ 10 ഓവർ എറിഞ്ഞ് അഞ്ചും വിക്കറ്റുകൾ വീഴ്ത്തിയാണ് ഷമി തിളങ്ങിയത്.

ഒന്നാം ഇന്നിങ്സിൽ 112 റൺസിന്റെ ലീഡ് നേടിയ ബംഗാൾ, രണ്ടാം ഇന്നിങ്സിൽ 214 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. അവസാന ഇന്നിങ്സിൽ ഗുജറാത്തിനെ 185ന് പുറത്താക്കി ബംഗാൾ വിജയം കുറിച്ചു.

രഞ്ജി കളിക്കാമെങ്കിൽ, 50 ഓവർ മാച്ചും കളിക്കാം -അഗാർക്കറിനെ കൊട്ടി ഷമി

തന്റെ ശാരീരിക ക്ഷമതയാണ് ടീം സെലക്ഷനിൽ നിന്നും ഒഴിവാക്കാൻ കാരണമെന്ന് വിശദീകരിച്ച ചീഫ് സെലക്ടർക്ക് രഞ്ജി ട്രോഫിയിലെ പ്രകടനത്തിലൂടെ മറുപടി നൽകിയ മുഹമ്മദ് ഷമി വാക്കുകളിലൂടെയും പ്രഹരിച്ചു. ‘നാലു ദിവസം നീണ്ടു നിൽക്കുന്ന രഞ്ജി ട്രോഫി കളിക്കാൻ കഴിയുമെങ്കിൽ, 50 ഓവർ മത്സരവും എനിക്ക് കളിക്കാം’ -മത്സര ശേഷം ഷമി പറഞ്ഞു.

ടീം സെലക്ഷൻ തന്റെ കൈയിൽ ഒതുങ്ങുന്നതല്ലെന്ന് വ്യക്തമാക്കിയ താരം, ശാരീരിക ക്ഷമതയിൽ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ ബംഗാളിനു വേണ്ടി കളിക്കാൻ കഴിഞ്ഞുവെന്നും ചോദ്യമെറിഞ്ഞു.

‘ഇതിനെക്കുറിച്ച് കൂടുതൽ സംസാരിച്ച് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. നാലു ദിവസത്തെ രഞ്ജി കളിക്കാൻ കഴിയുമെങ്കിൽ, എനിക്ക് 50 ഓവർ ക്രിക്കറ്റും കളിക്കാൻ കഴിയും’ -രഞ്ജി മത്സരത്തിനു പിന്നാലെ ഷമി പറഞ്ഞു.

‘ശാരീരിക ക്ഷമത സംബന്ധിച്ച് വിവരം നൽകേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. ഫിറ്റ്നസ് തെളിയിക്കാൻ ബംഗളുരുവിലെ എൻ.‌സി.‌എയിൽ പോയി കളിക്കുക എന്നതാണ് എന്റെ ജോലി. അത് ഞാൻ ചെയ്തു. ഇതു സംബന്ധിച്ച് അപ്ഡേറ്റുകൾ നൽകുന്നത് അവരുടെ കാര്യമാണ് -ഷമി തുറന്നടിച്ചു.

2013ൽ അരങ്ങേറ്റം കുറിച്ച കാലം മുതൽ ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളിലെ സ്ഥിര സാന്നിധ്യമായ മുഹമ്മദ് ഷമിക്ക് 2023ജൂണിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് കളിക്കാൻ അവസരം നൽകിയിട്ടില്ല.

പരിക്കിൽ നിന്നും മുക്തനായ താരം കൂടുതൽ ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ച് ശാരീരിക ക്ഷമതയും ഫോമും തെളിയിച്ചിട്ടില്ലെന്നായിരുന്നു ​വിൻഡീസ്, ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് അജിത് അഗാർക്കറുടെ വിശദീകരണം. പിന്നാ​ലെ, ആസ്ട്രേലിയൻ പര്യടനത്തിലും ഷമിയെ ഒഴിവാക്കിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് ഷമിയുടെ ഫിറ്റ്നസിനെ വീണ്ടും ചോദ്യം ചെയ്ത് അഗാർക്കർ രംഗത്തെത്തിയത്.

മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് ഷമി അവസാനമായി ഏകദിന മത്സരം കളിച്ചത്.

രഞ്ജി ട്രോഫിയിലെ ഉജ്വല പ്രകടനത്തിനു ശേഷം തിരിച്ചുവരവാണോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തരോടായി ബംഗാളിനായി കളിക്കുന്നത് എന്റെ ഹൃദയത്തിൽ നിന്നാണെന്നായിരുന്നു മറുപടി.

‘ തിരിച്ചുവരവ് മത്സരം എന്ന് പറയുമ്പോൾ, അത് മനസ്സിലാകുന്നില്ല. ഒരുപക്ഷേ കഴിഞ്ഞ വർഷം നിങ്ങൾക്ക് അങ്ങനെ പറയാമായിരുന്നു. ബംഗാളിനു വേണ്ടി കളിക്കുന്നത് എല്ലായ്പ്പോഴും ഹൃദയത്തിൽ നിന്നാണ്’ -ഷമി പ്രതികരിച്ചു. കൂടുതൽ പ്രതികരിച്ച് വിവാദത്തിൽപെടാനില്ലെന്ന് പറഞ്ഞായിരുന്നു താരം അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIranji trophyMohammed ShamiAjit AgarkarIndia cricket
News Summary - Mohammed Shami Sends Reminder To Ajit Agarkar With Stunning Fifer In Ranji Trophy
Next Story