‘ആർക്കും ദോഷമില്ലാത്ത നടപടി’; എസ്.ഐ.ആർ ഹിയറിങ് പൂർത്തിയാക്കി മുഹമ്മദ് ഷമി
text_fieldsഎസ്.ഐ.ആർ ഹിയറിങ്ങിനായി മുഹമ്മദ് ഷമി തെരഞ്ഞെടുപ്പ് കമീഷനുമുമ്പിൽ എത്തിയപ്പോൾ
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിൽ നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) ഹിയറിങ്ങിൽ പങ്കെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ, ഈ പ്രക്രിയയിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എല്ലാവരും പങ്കാളികളാകണമെന്നും അഭ്യർഥിച്ചു.
“ഇതൊരു സാധാരണ നടപടിക്രമം മാത്രമാണ്, ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. എസ്.ഐ.ആർ പ്രക്രിയ ആർക്കും ദോഷം ചെയ്യുന്ന ഒന്നല്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ തിരുത്തലുകൾ വരുത്താനോ ഉള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണം” -ഷമി പറഞ്ഞു.
പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി ഷമി സമർപ്പിച്ച അപേക്ഷയിൽ ചില വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഹിയറിങ്ങിനായി വിളിപ്പിച്ചത്. ഉത്തർപ്രദേശ് സ്വദേശിയാണെങ്കിലും ക്രിക്കറ്റ് കരിയറിനായി വർഷങ്ങളായി പശ്ചിമ ബംഗാളിലാണ് ഷമി താമസിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്.
നേരത്തെ പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 'ലോജിക്കൽ ഡിസ്ക്രെപ്പൻസി' (വിവരങ്ങളിലെ പൊരുത്തക്കേട്) വിഭാഗത്തിൽ ഉൾപ്പെട്ട വോട്ടർമാരുടെ പേരുകൾ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് ഓഫീസുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു. വോട്ടർമാർക്ക് തങ്ങളുടെ രേഖകൾ ഹാജരാക്കാനും പരാതികൾ ബോധിപ്പിക്കാനും മതിയായ സമയം നൽകണമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ വെട്ടിമാറ്റാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രതികരിച്ചു. ഒരു കോടിയോളം വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

