അസറുദ്ദീൻ 'ദി സൈലന്റ് കില്ലർ'!; 51 പന്തിൽ മിന്നൽ ശതകം
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ ഉപനായകൻ മുഹമ്മദ് അസറുദ്ദീന് തകർപ്പൻ സെഞ്ചുറി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊല്ലത്തിനെതിരെയാണ് സീസണിലെ ആദ്യ സെഞ്ചുറി അസറുദ്ദീൻ സ്വന്തമാക്കിയത്. വെറും 51 പന്തിൽ നിന്ന് 7 സിക്സറുകളും 6 ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
അഖിൽ കെ.ജി. എറിഞ്ഞ ഏഴാം ഓവറിലാണ് അസറുദ്ദീൻ ആക്രമണത്തിന് തുടക്കമിട്ടത്. ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് ആ ഓവറിൽ നേടി. തുടർന്ന് മോനു കൃഷ്ണ എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റൺസ് അടിച്ചെടുത്ത് താരം അർദ്ധ സെഞ്ചുറി തികച്ചു. മുഹമ്മദ് ഇഷാഖ് എറിഞ്ഞ പതിനഞ്ചാം ഓവറിൽ രണ്ട് സിക്സറുകളോടെ 17 റൺസും, എം.ഡി. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 18 റൺസും അസറുദ്ദീൻ വാരിക്കൂട്ടി.
നേരത്തെ ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് എന്നീ ടീമുകൾക്കെതിരെയും അസറുദ്ദീൻ അർദ്ധ സെഞ്ചുറികൾ നേടിയിരുന്നു. ഈ തകർപ്പൻ സെഞ്ചുറിയോടെ നാല് മത്സരങ്ങളിൽ നിന്നും 253 റൺസോടെ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. അസറുദ്ദീൻ തകർപ്പൻ ഫോമിൽ തുടരുമ്പോൾ ആദ്യ കിരീടമെന്ന ആലപ്പിയുടെ പ്രതീക്ഷകൾക്ക് തിളക്കമേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

