മിഥുന് അവസരം ലഭിക്കാൻ നാടിന്റെ പ്രാർഥന
text_fieldsമിഥുൻ
കായംകുളം: ദേശീയ ക്രിക്കറ്റ് ടീമിൽ റിസർവ് പട്ടികയിൽ ഇടംപിടിച്ച മിഥുന് കളിക്കളത്തിൽ രാജ്യാന്തര താരമായി ഇറങ്ങാൻ ഭാഗ്യമുണ്ടാകട്ടെയെന്ന് ജന്മനാടിന്റെ പ്രാർഥന. വെസ്റ്റ് ഇൻഡീസുമായുള്ള മത്സത്തിലാണ് കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ എസ്. മിഥുൻ ഇടം നേടിയത്. പതിനഞ്ചംഗ ടീമിനെയാണ് ആദ്യം തെരഞ്ഞെടുത്തത്. കോവിഡ് സാഹചര്യം പരിഗണിച്ച് ബി.സി.സി.ഐയുടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആറംഗ റിസർവിനെക്കൂടി ഉൾപ്പെടുത്തിയതാണ് അവസരമായത്. ഈ മാസം ആറ്, ഒമ്പത്, 11 തീയതികളിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഏകദിന മത്സരം. തുടർന്ന് 16, 18, 20 തീയതികളിൽ കൊൽക്കത്ത ഏദൻഗാർഡൻസിൽ ട്വന്റി20 മത്സരവും അരങ്ങേറും. ഞായറാഴ്ച രാവിലെയാണ് ഇന്ത്യൻ സെലക്ടർ സുനിൽ ജോഷിയിൽനിന്നുള്ള സന്ദേശം ബി.സി.സി.ഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീജിത് പി. നായരും മുഖാന്തരം എത്തുന്നത്.
വിമാന ടിക്കറ്റടക്കം കാര്യങ്ങൾ വൈകുന്നേരത്തോടുകൂടി ശരിയായതോടെ ഞായറാഴ്ച രാത്രി തന്നെ അഹ്മദാബാദിലേക്കു തിരിച്ചു. രണ്ടു മാസം മുമ്പ് നടന്ന സെയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ റെറ്റ് ആം ലെഗ് സ്പിന്നറായ മിഥുൻ അഞ്ച് മത്സരങ്ങളിൽനിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയത് സെലക്ടർമാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. കേരള രഞ്ജി ടീം അംഗമാണ്. രാജസ്ഥാൻ റോയൽസ് 2018-19 ടീമിൽ അംഗമായിരുന്നു. ഐ.പി.എല്ലിലും ഒരുമത്സരം കളിച്ചിരുന്നു. തിരുവനന്തപുരം എ.ജി.എസിൽ സ്പോർട്സ് ക്വോട്ടയിൽ ജോലി ലഭിച്ച മിഥുന്റെ കൈയിൽ പന്ത് ലഭിക്കട്ടെയെന്ന പ്രാർഥനയിലാണ് നാട്. കായംകുളം കേന്ദ്രമാക്കിയ ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിലൂടെ വളർന്ന മിഥുൻ ദേശീയ ടീമിൽ ഇടം പിടിച്ചത് സ്വപ്നതുല്യനേട്ടമാണെന്ന് ഡയറക്ടർ സിനിൽ സബാദും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

