'നാലാം ടെസ്റ്റിനുള്ള പരിശീലനം തുടങ്ങി'; ഇന്ത്യൻ പിച്ചുകളോടുള്ള കലിപ്പ് തീരാതെ മൈക്കൽ വോൺ
text_fieldsലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനുള്ള മത്സരത്തിനായി ഒരുക്കുന്ന പിച്ചിനെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ വീണ്ടും രംഗത്ത്. ചെളിനിറച്ച പിച്ചിൽ ബാറ്റ് ചെയ്യുന്ന ചിത്രം പങ്കുവെച്ചാണ് വോൺ ഇക്കുറി രംഗത്തെത്തിയത്. നേരത്തേ കൃഷിക്കായി കാളകളെയും കൊണ്ട് നിലമുഴുന്ന കർഷകന്റെ ചിത്രം ചേർത്ത് പിച്ചിനെ വോൺ പരിഹസിച്ചിരുന്നു.
അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട് തീർന്നതിന് പിന്നാലെയാണ് പരിഹാസശരങ്ങളുമായി വോൺ രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിനൊരുക്കിയ പിച്ചിനെതിരെയും വോൺ നേരത്തേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ മൈക്കൽ വോണ്‍ നേരെ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനമാണുയർത്തുന്നത്. ചെന്നൈയിൽ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ പുകഴ്ത്തിയ വോൺ ഇംഗ്ലണ്ട് പരാജയപ്പെട്ടതിന് പിന്നാലെ വഷളൻ ന്യായീകരണങ്ങൾ ഉയർത്തുകയാണെന്നാണ് ഇന്ത്യൻ ആരാധകരുടെ വാദം. നേരത്തേ മൈക്കൽ വോണിന്റെ പരാമർശത്തിനെതിരെ ആസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണും രംഗത്തെത്തിയിരുന്നു.

