െഎ.പി.എൽ ഫൈനലിൽ മോർഗൻ ആ 'കടുംകൈ' ചെയ്താലും അത്ഭുതപ്പെടാനില്ലെന്ന് മൈക്കൽ വോൺ
text_fieldsദുബൈ: ഏഴുവർഷത്തിന് ശേഷം വീണ്ടുമൊരു ഐ.പി.എൽ ട്രോഫി ഉയർത്താൻ കാത്തിരിക്കുകയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. നിരവധി ഫൈനലുകളുടെ അനുഭവസമ്പത്തുമായി എത്തുന്ന എം.എസ്. ധേണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് ദുബൈയിൽ നടക്കുന്ന ഫൈനലിൽ കൊൽക്കത്തയുടെ എതിരാളി.
കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് പറിച്ചുനട്ട ടൂർണമെന്‍റിന്‍റെ രണ്ടാംപാദത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് കെ.കെ.ആർ ഫൈനൽ വരെ എത്തി നിൽക്കുന്നത്. എന്നാൽ ടീമിനെ ഏറ്റവും അലട്ടുന്ന കാര്യം എന്തെന്നാൽ ക്യാപ്റ്റൻ ഓയിൻ മോർഗന്‍റെ ഫോമാണ്.
16 മത്സരങ്ങളില്‍ 11.72 ശരാശരിയില്‍ 129 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ സീസണില്‍ ഇതുവരെ നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ പുറത്താകാതെ നേടിയ 47 റണ്‍സും.
ഈ സാഹചര്യത്തിൽ ക്യാപ്റ്റന്‍ മോര്‍ഗന്‍ ഫൈനലിൽ നിന്ന് സ്വയം മാറി നിന്നാലും താന്‍ അത്ഭുതപ്പെടില്ലെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. പരിക്കുമാറി തിരിച്ചെത്തുന്ന വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസലിനെ ഉൾപെടുത്താനായി ഏതു വിദേശ താരത്തെ പുറത്തിരുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് കെ.കെ.ആർ മാനേജ്മെന്റ്.
ബംഗ്ലാദേശ് താരം ശാകിബുൽ ഹസനെ പുറത്തിരുത്താനാണ് സാധ്യത കൂടുതൽ. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ ടീമിനായി മികച്ച സംഭാവന നൽകിയ ശാകിബിനെ ഒഴിവാക്കാനും പറ്റാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിൽ മോർഗൻ സ്വയം മാറിനിന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് വോൺ പറയുന്നത്.
'ഷാര്‍ജയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു. എന്നാല്‍ ദുബൈയിലെ സാഹചര്യം വ്യത്യസ്തമാണ്. റസല്‍ നാലോവറും എറിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ കൊല്‍ക്കത്ത ശാക്കിബിനെ ഒഴിവാക്കി റസലിനെ ഇറക്കാനാണ് സാധ്യത. എന്നാല്‍ ഒരു ഇടംകൈയന്‍ സ്പിന്നറെ കൂടി വേണം (ശരിക്കും അതിന്‍റെ ആവശ്യമില്ല) എന്ന് കൊല്‍ക്കത്ത കരുതിയാല്‍ മോര്‍ഗന്‍ സ്വയം മാറി നിന്നേക്കാം. കാരണം അദ്ദേഹത്തിന്‍റെ സ്വാഭാവം എനിക്ക് നല്ലതുപോലെ അറിയാം. ടീമിന് ഏറ്റവും നല്ലത് ഏതാണോ അതേ അദ്ദേഹം ചെയ്യൂ' -വോണ്‍ പറഞ്ഞു.
റസൽ കായികക്ഷമത വീണ്ടെടുത്താലും താരത്തെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാൻ സാധ്യതയില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. മികച്ച കോംബിനേഷനുകളുമായി നിലവിൽ ടീം സെറ്റായതിനാൽ ടീം അതേ ഇലവനെ തന്നെ നിലനിർത്തുമെന്നാണ് സംസാരം. വെള്ളിയാഴ്ച വൈകീട്ട് 7.30നാണ് ഫൈനൽ.