‘അവനാണ് യഥാർഥ വിക്കറ്റുവേട്ടക്കാരൻ, ഇന്ത്യ നിർബന്ധമായും കളിപ്പിക്കണം’; രണ്ടാം ടെസ്റ്റിൽ ഈ ബൗളറെ ഇന്ത്യ അവഗണിക്കരുതെന്ന് ക്ലാർക്ക്
text_fieldsലണ്ടൻ: വൈറ്റ് ബാൾ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുമ്പോഴും, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം നിരാശപ്പെടുത്തുകയാണ്. പുതിയ നായകൻ ശുഭ്മൻ ഗില്ലിനു കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലെ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ടിലെത്തിയ ടീമിന് ആദ്യ മത്സരത്തിൽ തന്നെ അടിതെറ്റി.
ലീഡ്സിലെ ഒന്നാം ടെസ്റ്റിൽ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടു ഇന്നിങ്സുകളിലുമായി അഞ്ചു സെഞ്ച്വറികൾ പിറന്നിട്ടും ഇന്ത്യ മത്സരം കൈവിട്ടു. ജസ്പ്രീത് ബുംറ ഒഴികെ മറ്റു ബൗളർമാർക്കൊന്നും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ബെർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലാണെങ്കിൽ ബുംറ കളിക്കുന്നുമില്ല. പകരം അർഷ്ദീപ് സിങ്ങിന് ടെസ്റ്റ് അരങ്ങേറ്റത്തിനു വഴിയൊരുങ്ങിയേക്കും. കൂടാതെ, ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്താനും പരിശീലൻ ഗൗതം ഗംഭീർ തയാറായേക്കും.
അതേസമയം, രണ്ടാം ടെസ്റ്റിൽ ഇന്ത്യ റിസ്റ്റ് സ്പിന്നർ കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നത് പരിഗണിക്കണമെന്നാണ് മുൻ ആസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക് പറയുന്നത്. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായാണ് ബുംറക്ക് വിശ്രമം നൽകുന്നത്. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ മാറ്റങ്ങള്‍ വരുത്താൻ ഇന്ത്യ നിർബന്ധിതരായിരിക്കുകയാണ്. ബുംറക്കു പകരക്കാരനെ കണ്ടെത്തിയാൽ പോരാ, ഗംഭീറിന് ബൗളിങ് നിരയിൽ കാര്യമായ അഴിച്ചുപ്പണി തന്നെ നടത്തേണ്ടിവരും.
ലീഡ്സിൽ അവസാന ദിനം ഇംഗ്ലണ്ടിനു മുന്നിൽ വെച്ചുനീട്ടിയ 371 റൺസെന്ന വലിയ വിജയലക്ഷ്യം പോലും ഇന്ത്യൻ ബൗളർമാർക്ക് പ്രതിരോധിക്കാനായില്ല. രണ്ടു ഇന്നിങ്സുകളിലുമായി 835 റൺസാണ് ഇന്ത്യ നേടിയത്. കുല്‍ദീപിനെ കളിപ്പിക്കുന്നത് ബൗളിങ് നിരയിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ സഹായിക്കുമെന്ന് ക്ലാർക്ക് പറയുന്നു.
‘ബൗളിങ്ങിന്റെ കാര്യത്തിൽ, ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ത്യ കുൽദീപ് യാദവിനെ കളിപ്പിക്കണം. അദ്ദേഹം ഒരു യഥാർഥ വിക്കറ്റ് വേട്ടക്കാരനാണ്, ഒന്നാം ടെസ്റ്റിൽ അദ്ദേഹത്തിന് വലിയ ചലനം സൃഷ്ടിക്കാനാകുമായിരുന്നു’ -ക്ലാർക്ക് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ വ്യക്തമാക്കി.
മുൻനിര സ്പിന്നറെ ഒഴിവാക്കിയാലും ഇന്ത്യ അവരുടെ ബാറ്റിങ് കരുത്ത് ശക്തിപ്പെടുത്തുന്നതിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ക്ലാർക്ക് അഭിപ്രായപ്പെട്ടു. 20 വിക്കറ്റുകളും വീഴ്ത്താൻ കഴിവുള്ള ബൗളർമാരെ തെരഞ്ഞെടുക്കുന്നതിലാണ് ഇന്ത്യ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

