വിമാനത്താവളത്തിൽ ബാറ്റിങ് പാഡ് ധരിച്ച് മുംബൈ ഇന്ത്യൻസിന്‍റെ യുവതാരം!
text_fieldsവിമാനത്താവളത്തിൽ ബാറ്റിങ് പാഡ് ധരിച്ചെത്തി മുംബൈ ഇന്ത്യൻസിന്‍റെ യുവതാരം നെഹാൽ വധേര. ചിരിച്ചുകൊണ്ട് പാഡ് ധരിച്ച് നടന്ന് നീങ്ങുന്ന യുവതാരത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബാറ്റേഴ്‌സ് മീറ്റിങ്ങിൽ എത്താൻ വൈകിയതിന് ടീം നൽകിയ ശിക്ഷ നടപടിയാണിത്. മുംബൈ ഫ്രാഞ്ചൈസി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇതിന്‍റെ വിഡിയോ പങ്കുവെച്ചത്. ശിക്ഷാ നടപടി താരം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.
തന്റെ ടീമംഗങ്ങൾക്കൊപ്പം പാഡുകൾ ധരിച്ച് അദ്ദേഹം വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷം നടന്ന ഐ.പി.എൽ മിനി താരലേലത്തിൽ 20 ലക്ഷം രൂപക്കാണ് ലുധിയാന സ്വദേശിയായ വധേരയെ മുംബൈ ടീമിലെത്തിച്ചത്. നിലവിലെ സീസണിൽ മുംബൈയുടെ സ്റ്റാർ പ്ലയറാണ്.
ആർ.സി.ബിക്കെതിരെയും ചെന്നൈക്കെതിരെയും തുടർച്ചയായി അർധ സെഞ്ച്വറികൾ നേടിയിരുന്നു. യുവതാരം തിലക് വർമക്ക് പരിക്കേറ്റതോടെയാണ് വധേരക്ക് മുംബൈയുടെ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചത്.

