'മെന്റർ' ധോണിയെത്തി; ഇന്ത്യൻ ടീം ക്യാമ്പ് ആവേശത്തിൽ
text_fieldsദുബൈ: ട്വന്റി20 ലോകകപ്പിന് മുന്നോടിയായി മുൻ നായകൻ എം.എസ്. ധോണി ഇന്ത്യൻ ടീം ക്യാമ്പിനൊപ്പം ചേർന്നു. ധോണി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ചിത്രങ്ങൾ ബി.സി.സി.ഐ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചു. ചെന്നൈ സൂപ്പർ കിങ്സിനെ നാലാം ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച ധോണി മെന്റർ എന്ന പുതിയ റോളിലാണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവന്നത്.
ട്വന്റി20 ലോകകപ്പിൽ മാത്രമായിരിക്കും ധോണിയുടെ സേവനം. ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് മൊത്തം ഗുണം ചെയ്യുമെന്ന് നായകൻ കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
'വലിയ അനുഭവസമ്പത്തിനുടമയാണ് ധോണി. അദ്ദേഹം വളരെ ആവേശഭരിതനുമാണ്. എന്നും ധോണി ഞങ്ങൾക്കൊല്ലാവർക്കും ഒരു ഉപദേഷ്ടാവായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ആദ്യ സുപ്രധാന ടൂർണമെന്റ് കളിക്കുന്ന ചെറുപ്പക്കാർക്ക് ഇത് വളരോ ഗുണകരമായിരിക്കും' കോഹ്ലി പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യ തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയും ബുധനാഴ്ച ആസ്ട്രേലിയക്കെതിരെയും സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഒക്ടോബർ 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.

