'ആറ് മണിക്കൊക്കയാണ് ടീം ഹോട്ടലിൽ എത്തുന്നത്, രാത്രി മുഴുവൻ പുറത്തായിരിക്കും'; പൃഥ്വി ഷാക്കെതിരെ രൂക്ഷവിമർശനവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
text_fieldsവിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റിനുള്ള മുംബൈ ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള രോഷം സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയ പൃഥ്വി ഷായ്ക്ക് രൂക്ഷവിമർശനം. പൃഥ്വി ഷായുടെ നീക്കത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ കടുത്ത അതൃപ്തിയിലാണ്. ടീമിനൊപ്പം ക്യാമ്പിലുണ്ടായിരിക്കുന്ന സമയത്തും പൃഥ്വി ഷാ രാത്രി മുഴുവൻ പുറത്തായിരിക്കുമെന്നും രാവിലെ ആറു മണിക്കൊക്കെയാണ് ഹോട്ടലിലേക്ക് തിരികെയെത്തുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോടു പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കുള്ള 16 അംഗ ടീമിൽ ഇടം പിടിക്കാൻ പൃഥ്വി ഷായ്ക്കു സാധിച്ചിരുന്നില്ല. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവ്, ശിവം ദുബെ തുടങ്ങിയ പ്രമുഖ താരങ്ങളും കളിക്കുന്നുണ്ട്. "സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മുംബൈ 10 ഫീൽഡർമാരുമായി കളിക്കുന്നത് പോലെയായിരുന്നു. പന്ത് അടുത്തുകൂടി കടന്നുപോകുമ്പോൾ പോലും പൃഥ്വി ഷായ്ക്ക് അതു പിടിച്ചെടുക്കാൻ സാധിക്കുന്നില്ല.
ബാറ്റിങ്ങിന്റെ സമയത്ത് പന്ത് കണക്‌ട് ചെയ്യാൻ പൃഥ്വി ഷാ ബുദ്ധിമുട്ടുന്നതു നമുക്കു കാണാൻ സാധിക്കും. താരത്തിന്റെ ഫിറ്റ്നസ്, അച്ചടക്കം, സ്വഭാവം എല്ലാം വളരെ മോശമാണ്. ഓരോ താരങ്ങൾക്കും ഇവിടെ വ്യത്യസ്‌ത നിയമമൊന്നും ഇല്ല. പൃഥ്വി ഷായുടെ ശൈലിയെക്കുറിച്ച് ടീമിലെ മുതിർന്ന താരങ്ങൾ വരെ പരാതി പറഞ്ഞു തുടങ്ങി. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയുടെ സമയത്ത് അദ്ദേഹം പരിശീലന സെഷനുകൾക്ക് കൃത്യമായി എത്തില്ല. രാത്രി മുഴുവൻ പുറത്തായിരിക്കും, രാവിലെ ആറു മണിക്കൊക്കെ ടീം ഹോട്ടലിലേക്ക് കയറിവരും.
ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിച്ച് അദ്ദേഹത്തിന്റെ പ്രതിഭയോടു നീതി പുലർത്താൻ പൃഥ്വി ഷാ തയാറാകുന്നില്ല. സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടതിന്റെ പേരിൽ അദ്ദേഹത്തിന് ആനുകൂല്യമൊന്നും ലഭിക്കില്ല. കാരണം മുംബൈയുടെ സെലക്‌ടർമാരെയോ, ക്രിക്കറ്റ് അസോസിയേഷനെയോ സ്വാധീനിക്കാൻ ആ പോസ്റ്റുകൾക്കൊന്നും സാധിക്കില്ല,''എം.സി.എ ഉദ്യോഗസ്‌ഥൻ പറഞ്ഞു.
ഏറെ പ്രതിഭയുണ്ടായിട്ടും ക്രിക്കറ്റിൽ മികച്ച തുടക്കം ലഭിച്ചിട്ടും കാര്യമായി മുന്നേറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതിനൊപ്പം ഫിറ്റ്നസില്ലായ്മയും അച്ചടക്കമില്ലായ്മയും അദ്ദേഹത്തിന്‍റെ കരിയറിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

