എൽ.എസ്.ജിയുടെ തീപ്പൊരി ബൗളർ മായങ്ക് യാദവ് തിരിച്ചെത്തി
text_fieldsലഖ്നോ: ലഖ്നോ സൂപ്പർ ജയന്റ്സിന്റെ അതിവേഗ ബൗളർ മായങ്ക് യാദവ് പരിക്ക് മാറി ഐ.പി.എല്ലിൽ തിരിച്ചെത്തി. മായങ്ക് ടീമിനൊപ്പം ചേർന്ന് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലഖ്നോ സൂപ്പർ ജയന്റ്സ് എക്സിൽ പങ്കുവെച്ചു.
പരിക്കിനെ തുടർന്ന് ഡൽഹി കാപ്പിറ്റൽസിനെതിരെയും കൊൽകത്ത നൈറ്റ് റൈഡേഴ്സിനെതിരെയുമുള്ള അവസാന രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഏപ്രിൽ ഏഴിന് ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരത്തിൽ മായങ്ക് ഒരു ഓവർ മാത്രമാണ് എറിഞ്ഞത്.
അടിവയറ്റിലെ വേദനയെത്തുടർന്ന് ഫീൽഡ് വിടുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റെടുത്ത 21 കാരൻ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു.
എൽ.എസ്.ജിക്ക് വേണ്ടിയുള്ള തന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ തീപ്പൊരി സ്പെല്ലുകൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ താരം ഈ ഐ.പി.എല്ലിൽ ഏറ്റവും വേഗമേറിയ പന്തും (156.7) തന്റെ പേരിലാക്കിയിരുന്നു.
ഐ.പി.എല്ലിലെ അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ട എൽ.എസ്.ജിക്ക് മായങ്കിന്റെ തിരിച്ചുവരവ് ഉണർവേകും. വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ താരം ഇറങ്ങിയേക്കും.

