ഇത് അത്യുജ്ജ്വലം, കേരള ക്രിക്കറ്റിലെ മികച്ച ക്യാച്ചുകളിലൊന്നുമായി കൃഷ്ണപ്രസാദ്-VIDEO
text_fieldsആലപ്പുഴ: കേരള ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നിനാണ് കെ.സി.എ ക്ലബ് ചാമ്പ്യൻഷിപ്പ് സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരം മാസ്റ്റേഴ്സ് ക്ലബിന്റെ കൃഷ്ണപ്രസാദാണ് പറക്കും ക്യാച്ചിലൂടെ പെരിന്തൽമണ്ണ ജോളി റോവേഴ്സ് ബാറ്റ്സ്മാൻ ആനന്ദിനെ പുറത്താക്കിയത്. ഒമ്പത് പന്തിൽ നിന്ന് 21 റൺസുമായി മിന്നും ഫോമിലായിരുന്നു ആനന്ദ്.
ആലപ്പുഴ എസ്.ഡി കോളജ് മൈതാനത്ത് നടന്ന മത്സരത്തിൽ ബാറ്റുകൊണ്ടും കൃഷ്ണപ്രസാദ് വെടിക്കെട്ട് തീർത്തിരുന്നു. 59 പന്തിൽ നിന്ന് പുറത്താകാതെ 98 റൺസ് നേടിയ കൃഷ്ണപ്രസാദ് കളിയിലെ താരമായി. കഴിഞ്ഞ കെ.സി.എ പ്രസിഡന്റ്സ് കപ്പിലെ ഏറ്റവും മികച്ച റൺവേട്ടക്കാരൻ കൂടിയാണ് കൃഷ്ണപ്രസാദ്.
ആദ്യം ബാറ്റുചെയ്ത മാസ്റ്റേഴ്സ് 20 ഓവറിൽ മൂന്ന് വിക്കറ്റിന് 192 റൺസ് അടിച്ചുകുട്ടി. ജോളിറോവേഴ്സിന്റെ മറുപടി 20 ഓവറിൽ എട്ടിന് 158 എന്ന നിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സിനായി പി. പ്രശാന്ത് നാലോവറിൽ 22ന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

