‘രക്തസാക്ഷിത്വത്തെ അപമാനിക്കരുത്...’; ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിനെതിരെ ശുഭം ദ്വിവേദിയുടെ കുടുംബം
text_fieldsന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനുമായി മത്സരിക്കുന്നതിനെതിരെ പഹൽഗാമിൽ ഭീകരരുടെ വേടിയേറ്റു മരിച്ച ശുഭം ദ്വിവേദിയുടെ കുടുംബം. പഹൽഗാം ഭീകരാക്രമണം നടന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂവെന്നും ഇപ്പോൾ പാകിസ്താനെതിരെ കളിക്കുന്നത് രക്തസാക്ഷികളുടെ ത്യാഗത്തെ അപമാനിക്കലാണെന്നും ദ്വിവേദിയുടെ ഭാര്യ ഐഷന്യ ദ്വിവേദി പറഞ്ഞു.
മത്സരം ബഹിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ മത്സരക്രമം കഴിഞ്ഞദിവസാണ് പുറത്തുവന്നത്. സെപ്റ്റംബർ 14ന് ഗ്രൂപ്പ് റൗണ്ടിലാണ് ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മത്സരത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും ഇന്ത്യ-പാക് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കില്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി വിമർശിച്ചിരുന്നു.
‘ബൈസാരൻ താഴ്വരയിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഇന്ത്യ-പാകിസ്താൻ മത്സരം കാണണമെന്ന് പറയാൻ നിങ്ങളുടെ മനസാക്ഷി അനുവദിക്കുമോ? പാകിസ്താനിലേക്കുള്ള 80 ശതമാനം ജലവും നമ്മൾ തടഞ്ഞുവെച്ചു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. നിങ്ങൾ ക്രിക്കറ്റ് കളിക്കുമോ? ആ മത്സരം കാണാൻ എന്‍റെ മനസാക്ഷി അനുവദിക്കില്ല’ -ഹൈദരാബാദ് എം.പി ഉവൈസി ലോക്സഭയിൽ പറഞ്ഞു.
എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്‍റ് സെപ്റ്റംബർ ഒമ്പതിനാണ് ആരംഭിക്കുന്നത്. രണ്ടു ടീമുകളും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ വീണ്ടും ഒരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങും. ഇരുടീമുകളും ഫൈനലിലെത്തിയാലും ടൂർണമെന്‍റിൽ മൂന്നാമതും ഇന്ത്യ-പാക് മത്സരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

