ഓസീസിന് ‘ഷോക്ക് ട്രീറ്റ്മെന്റ്’; ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിലുള്ള സ്റ്റോയിനിസ് വിരമിച്ചു, ഇതാണ് ശരിയായ സമയമെന്ന് താരം
text_fieldsമാർകസ് സ്റ്റോയിനിസ്
സിഡ്നി: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ആസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. 15 അംഗ സ്ക്വാഡിൽ ഇടംപിടിച്ച ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസ് ഏകദിനത്തിൽനിന്ന് വിരമിച്ചു. ടി20 മത്സരങ്ങളിൽ മാത്രമേ ഇനി ഉണ്ടാകൂ എന്ന് ക്രിക്കറ്റ് ആസ്ട്രേലിയയെ താരം അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഫെബ്രുവരി 12ന് നൽകേണ്ട അന്തിമ പട്ടികയിൽ സ്റ്റോയിനിസിന് പകരക്കാരനെ ഓസീസ് ഉൾപ്പെടുത്തേണ്ടിവരും. പരിക്കേറ്റ ക്യാപ്റ്റൻ പാറ്റ് കമിൻസ് കളിക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റോയിനിസിന്റെ അപ്രതീക്ഷിത വിരമിക്കൽ.
ഏകദിനത്തിൽനിന്ന് വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് സ്റ്റോയിനിസ് പ്രതികരിച്ചു. “ആസ്ട്രേലിയക്കായി ഏകദിനം കളിക്കുകയെന്നത് വലിയ കാര്യമാണ്. പച്ചയും മഞ്ഞയും ജഴ്സിയിൽ കളിക്കാനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വിരമിക്കൽ തീരുമാനം അത്ര എളുപ്പമല്ല. എന്നാൽ ഏകദിനത്തിൽ മാറിനിൽക്കേണ്ട ശരിയായ സമയമാണിതെന്ന് കരുതുന്നു. എന്റെ കരിയറിലെ അടുത്ത അധ്യായത്തിലേക്ക് കടക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകുന്ന ടീമിന് എല്ലാ ആശംസകളും നേരുന്നു” -സ്റ്റോയിനിസ് പറഞ്ഞു.
2023 ഏകദിന ലോകകപ്പ് സെമിക്ക് ശേഷം ഒരു ഏകദിനത്തിൽ മാത്രമാണ് സ്റ്റോയിനിസ് ഓസീസിനായി കളത്തിലിറങ്ങിയത്. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി തിരിച്ചുവിളിച്ചെങ്കിലും കളിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഓസീസിനായി 74 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന എസ്എ ടി20 ലീഗിൽ ഡർബൻ സൂപ്പർ ജയന്റ്സിനായി സ്റ്റോയിനിസ് കളിച്ചിരുന്നു. ബോളിങ്ങിനിടെ താരത്തിന്റെ കാലിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ടി20 ഫോർമാറ്റിൽ തുടരുമെന്ന് തന്നെയാണ് താരം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

