സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നത് റിസ്കുള്ള തീരുമാനമായിരുന്നു; അദ്ദേഹം മികവ് തെളിയിച്ചു -രാജസ്ഥാൻ ഉടമ
text_fieldsസഞ്ജു സാംസൺ
മുംബൈ: ഐ.പി.എൽ പുതിയ സീസൺ താര കൈമാറ്റത്തിൽ ഏറ്റവും ചർച്ചയായത് മലയാളി താരം സഞ്ജു സാംസണിന്റെ കൂടുമാറ്റമായിരുന്നു. ഒരു പതിറ്റാണ്ടിലേറെ കാലം പിന്നിട്ട രാജസ്ഥാൻ റോയൽസിനോട് വിടപറഞ്ഞ്, ഒടുവിൽ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായെന്ന പ്രഖ്യാപനം ശനിയാഴ്ചയാണ് ഔദ്യോഗികമായി പുറത്തു വരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി സഞ്ജുവിന്റെ കൂടുമാറ്റം ക്രിക്കറ്റ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ വിജയ ശിൽപിയായ ഓൾറൗണ്ടർ രവീന്ദ്ര ജദേജയെയും, ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനെയും പകരം നൽകി ചെന്നൈ സഞ്ജു ഡീൽ ഉറപ്പിച്ചതിൽ തന്നെയുണ്ട് മലയാളി താരത്തിന് ഐ.പി.എൽ ടൂർണമെന്റിലെ പൊന്നും വില.
ദീർഘകാല ബന്ധം അവസാനിപ്പിച്ച് സഞ്ജു രാജസ്ഥാൻ വിടാനുണ്ടായ കാരണമെന്തെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചോദ്യം. ഒടുവിൽ, ആ ചോദ്യങ്ങൾക്കുത്തരവുമായി ടീം ഉടമ മനോജ് ബദാലെ രംഗത്തെത്തി.
കഴിഞ്ഞ 18 വർഷത്തിനിടയിൽ രാജസ്ഥാന്റെ ഏറ്റവും മോശം പ്രകടനം കണ്ട കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ അവസാന മത്സരങ്ങളിലൊന്നിനു പിന്നാലെയായിരുന്നു സഞ്ജു ടീം വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചതെന്ന് മനോജ് ബദാലെ രാജസ്ഥാൻ റോയൽസ് പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു വിക്കറ്റിന് തോൽവി വഴങ്ങിയതോടെ സഞ്ജു വലിയ മാനസികാഘാതത്തിലായെന്നും, മത്സര ശേഷം നടന്ന കൂടികാഴ്ചയിൽ ടീം വിടാനുള്ള താലപര്യം സഞ്ജു അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘സഞ്ജു സത്യസന്ധനായ മനുഷ്യനാണ്. കഴിഞ്ഞ സീസണിലെ ടീമിന്റെ തോൽവികളിൽ അദ്ദേഹം വ്യക്തിപരമായും വൈകാരികമായും തളർന്നുപോയി. രാജസ്ഥാൻ റോയൽസിന്റെ കാര്യത്തിൽ അദ്ദേഹത്തിന് വലിയ കരുതലുണ്ട്. 18 വർഷത്തിനിടയിലെ ഏറ്റവും മോശം സീസണായി മാറിയത് അദ്ദേഹത്തെ തളർത്തി. കഴിഞ്ഞ 14 വർഷം ടീമിനായി മികച്ച കാലം നൽകിയതിനൊടുവിൽ ഒരു മാറ്റം അദ്ദേഹം ആഗ്രഹിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതായി സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞപ്പോള്‍ ഞങ്ങൾക്ക് അത് നിരാകരിക്കാന്‍ സാധിക്കുമായിരുന്നില്ല. സഞ്ജു, സവിശേഷ വ്യക്തിത്വമുള്ളയാളാണ്. അദ്ദേഹം വല്ലതും പറയുന്നുവെങ്കിൽ കാര്യമുണ്ടാകും. 14 വര്‍ഷം ടീമിന്റെ പ്രധാനിയായിരുന്നു’ -മനോജ് ബാദൽ വിശദീകരിച്ചു.
ടീമിലെ പ്രധാനിയായി മാറിയ സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനവും വലിയ റിസ്കുള്ള ഒന്നായിരുന്നുവെന്ന് ബദാലെ വിശദീകരിച്ചു. സഞ്ജു വളരെ ചെറുപ്പവും അനുഭവസമ്പത്ത് കുറഞ്ഞ ക്യാപ്റ്റനുമായിരുന്നു. എന്നാൽ, തന്റെ റോളിൽ അദ്ദേഹം എല്ലാം തന്നെ നല്‍കി -ബാദൽ പറഞ്ഞു.
രാജസ്ഥാനിൽ നിന്നും താരങ്ങൾ വിട്ടുപോവുകയാണെന്നും പ്രതിസന്ധിയിലാണെന്നുമുള്ള മാധ്യമ വാർത്തകളിൽ കഴമ്പില്ലെന്നും, ടീമിനകത്ത് ഒരു സംവിധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സഞ്ജു ടീം വിടാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹത്തിനായി ഒരുപാട് ആവശ്യക്കാരുണ്ടായിരുന്നുവെന്നും, ഞങ്ങളുടെ ആഭ്യന്തര സംഘം അതിന്റെ വിവിധ സാധ്യതകൾ പരിഗണിച്ച് ശരിയായ ഓപ്ഷൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മനോസ് ബാദൽ പറഞ്ഞു.
2013ൽ തന്റെ 19ാം വയസ്സിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായ സഞ്ജു സാംസൺ, രണ്ടു സീസണിൽ ഡൽഹി കാപിറ്റൽസിൽ കളിച്ചതൊഴിച്ചാൽ ഇതുവരെ ജയ്പൂർ ടീമിനൊപ്പമായിരുന്നു. 2021ൽ ടീം ക്യാപ്റ്റനായി. പിന്നാലെ, രാജസ്ഥാനെ റണ്ണേഴ്സ് അപ്പുമായി. എന്നാൽ, 2025 സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

