Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹേല ജയവർധന മുംബൈ ഇന്ത്യൻസ് പരിശീലക സ്ഥാനം ഒഴിഞ്ഞു; അടിമുടി മാറ്റത്തിന് ടീം

text_fields
bookmark_border
മഹേല ജയവർധന മുംബൈ ഇന്ത്യൻസ് പരിശീലക സ്ഥാനം ഒഴിഞ്ഞു; അടിമുടി മാറ്റത്തിന് ടീം
cancel

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധന പടിയിറങ്ങി. മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടയാണ് ഇക്കാര്യം അറിയിച്ചത്.

ഐപിഎൽ ചരിത്രത്തിൽ മുംബൈയുടെ ഏറ്റവും വിജയകരമായ പരിശീലകനാണ് ജയവർധന. രോഹിത് ശർമയുടെ നായകത്വത്തിൽ 2017, 2019, 2020 വർഷങ്ങളിൽ ടീം കിടീരം നേടുമ്പോൾ പരിശീലകൻ ജയവർധനയായിരുന്നു. മുഖ്യ പരിശീലകൻ എന്നതിലുപരി മുംബൈ ഇന്ത്യൻസിന് ജയവർധന വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കി. 2017 മുതൽ 2022 വരെയും പിന്നീട് 2024 മുതൽ 2026 വരെയുമായി രണ്ട് ഘട്ടങ്ങളിലായി ടീമിനൊപ്പം പ്രവർത്തിച്ച അദ്ദേഹം, ഫ്രാഞ്ചൈസിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതിലും ശക്തമായ ടീം അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. അച്ചടക്കം, കൂട്ടായ പ്രവർത്തനം എന്നിവക്ക് പ്രാധാന്യം നൽകി. ടീം ഉടമ നിത അംബാനി ജയവർധനെയുടെ പരിശീലകനെന്ന നിലയിലുള്ള സംഭാവനകളെ പ്രശംസിച്ചു.

“മഹേള വർഷങ്ങളായി മുംബൈ ഇന്ത്യൻസിന് വലിയ സംഭാവനകൾ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ശാന്തമായ നേതൃത്വവും സത്യസന്ധതയും ക്രിക്കറ്റിനോടുള്ള ആഴത്തിലുള്ള സ്നേഹവും ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. മുഴുവൻ മുംബൈ ഇന്ത്യൻസ് കുടുംബത്തിനുവേണ്ടി, വർഷങ്ങളായി അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്കും അചഞ്ചലമായ പ്രതിബദ്ധതക്കും നന്ദി അറിയിക്കുന്നു. ഒരുമിച്ച് നടത്തിയ യാത്രയും പങ്കിട്ട ഓർമകളും എന്നും വിലമതിക്കും. മഹേള എന്നും ഞങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമായിരിക്കും. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന യാത്രയിൽ എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നു” -നിത അംബാനി പറഞ്ഞു.

മുംബൈ ഇന്ത്യൻസ് തന്റെ ജീവിതയാത്രയിലെ ഏറെ സവിശേഷമായ ഒന്നായിരുന്നുവെന്ന് ജയവർധനെ പ്രതികരിച്ചു. വർഷങ്ങളായി തനിക്ക് ഉറച്ച വിശ്വാസവും പിന്തുണയും സൗഹൃദവും നൽകിയ ഫ്രാഞ്ചൈസിയുടെ ഉടമകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. മുംബൈ ഇന്ത്യൻസിനൊപ്പമുള്ള അനുഭവങ്ങൾ എന്നും വിലമതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞശേഷം ജയവർധനെ പകരം ചുമതല ഏൽപ്പിച്ചത് മാർക്ക് ബൗച്ചറിനായിരുന്നു. തുടർന്ന് അദ്ദേഹം ഫ്രാഞ്ചൈസിയുടെ ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസ് എന്ന ചുമതലയേറ്റെടുത്തു.

വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിലേക്ക് മുംബൈ ഇന്ത്യൻസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ഈ കാലയളവിൽ മുംബൈ ഇന്ത്യൻസിന്റെ വനിതാ ടീം, എംഐ ന്യൂയോർക്ക്, എംഐ എമിറേറ്റ്സ് എന്നീ ടീമുകൾ ഓരോ കിരീടം വീതം സ്വന്തമാക്കി. ഇതോടെ ആഗോള ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കി. താരലേലം നടക്കാനിരിക്കെയാണ് ജയവർധന സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahela Jayawardene Steps Down As Mumbai Indians Head Coach
Next Story