മഹീഷ് തീക്ഷണ വിവാഹിതനാകുന്നു; വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ട്
text_fieldsഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് സുപരിചിതമായ മുഖമാണ് ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണയുടേത്. ഭാവിയിൽ ലങ്കയുടെ പ്രധാന താരമാകുമെന്ന് എം.എസ് ധോണി പ്രവചിച്ച താരം, കഴിഞ്ഞയാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക് നേടിയും വാർത്തകളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷമാണ് ശ്രീലങ്ക സ്വദേശിനിയായ അർത്തിക യോണാലിയുമായി തീക്ഷണയുടെ വിവാഹം നിശ്ചയിച്ചത്. വെള്ളിയാഴ്ച വിവാഹിതരാകാനിരിക്കെ ഇരുവരുടെയും പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്.
തീക്ഷണയെ കുറിച്ച് ആരാധകർക്ക് അറിയാമെങ്കിലും അർത്തികയെ കുറിച്ച് അധികം വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്ന അർത്തിക സമൂഹമാധ്യമങ്ങളിലും അധികം പ്രത്യക്ഷപ്പെടാറില്ല. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിലാണ് പഠനം പൂർത്തിയാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. 17ന് കൊളംബോയിലെ ആഡംബര ഹോട്ടലായ ഷാൻഗ്രി-ലായിലാണ് വിവാഹം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പ്രീവെഡ്ഡിങ് ചിത്രങ്ങൾ കാണാം.
2021ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലാണ് മഹീഷ് തീക്ഷണ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 60 ടി20 മത്സരങ്ങളിൽനിന്ന് 58 വിക്കറ്റുകളും 50 ഏകദിനത്തിൽനിന്ന് 72 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ടെസ്റ്റിൽനിന്ന് അഞ്ച് വിക്കറ്റും സ്വന്തം പേരിലാക്കി. ഐ.പി.എല്ലിൽ 27 മത്സരങ്ങളിൽനിന്ന് 25 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത താരത്തെ അടുത്ത സീസണിലേക്ക് രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. 4.4 കോടി രൂപ നേടിയ താരത്തെ ക്യാമ്പിലെത്തിക്കാൻ മുംബൈ ഇന്ത്യൻസും ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

