ബാറ്റിങ്ങിൽ പതറി കേരളം; ഷറഫുദ്ദീന്റെ ഒറ്റയാൻ പോരാട്ടം വിഫലം; വിജയ് ഹസാരെയിൽ മധ്യപ്രദേശിനെതിരെ തോൽവി
text_fieldsകേരളത്തിന്റെ ടോപ് സ്കോററായ ഷറഫുദ്ദീൻ
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് രണ്ടാം തോൽവി. ഗ്രൂപ്പ് ‘എ’യിൽ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ കേരളം മധ്യപ്രദേശിനെതിരെ 47 റൺസിനാണ് തോൽവി വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശിനെ 46.1 ഓവറിൽ 214 റൺസിൽ പുറത്താക്കിയെങ്കിലും പൊരുതി നേടാവുന്ന സ്കോറിന് മുന്നിൽ മലയാളി ബാറ്റിങ് നിര തകർന്നടിഞ്ഞു. മുൻനിര ദയനീയമായി കീഴടങ്ങിയപ്പോൾ, ഒമ്പതാമനായി ക്രീസിലെത്തിയ ഷറഫുദ്ദീൻ (42) മാത്രമേ കാര്യമായ പോരാട്ടം കാഴ്ചവെച്ചുള്ളൂ. ഒടുവിൽ 40 ഓവറിൽ കേരളം 167ന് പുറത്തായി.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ത്രിപുരക്കെതിരെ 145 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയ കേരളത്തിന് കർണാടകക്കെതിരെ എട്ടു വിക്കറ്റിന് തോൽവി കുരുങ്ങി. മൂന്നാം അങ്കത്തിൽ മധ്യപ്രദേശിനെതിരെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും ബാറ്റിങ് നിര താളംതെറ്റിയത് മത്സരം കൈവിടാൻ കാരണമായി. അങ്കിത് ശർമ നാലും, ബാബ അപരാജിത് മൂന്നും വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മധ്യപ്രദേശിനായി ഹിമാൻഷു മന്ത്രി 93 റൺസെടുത്തു.
കേരള നിരയിൽ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (19), കൃഷ്ണ പ്രസാദ് 4, അങ്കിത് ശർമ 13, ബാബ അപരാജിത് 9, സൽമാൻ നിസാർ 30, മുഹമ്മദ് അസ്ഹറുദ്ദീൻ 15, വിഷ്ണു വിനോദ് 20, ഏഡൻ ആപ്പിൾ ടോം 2, എം.ഡി നിധീഷ് 0, വിഗ്നേഷ് പുത്തൂർ (4 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു സ്കോർ.
മധ്യപ്രദേശിനായി ശുഭം ശർമ മൂന്നും ശിവാങ് കുമാർ, സരൻശ് ജെയിൻ എന്നിവർ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ കർണാടക തമിഴ്നാടിനെ നാലു വിക്കറ്റിന് തോൽപിച്ചു. വിദർഭ ജമ്മു കശ്മീരിനെ അഞ്ചു വിക്കറ്റിനും, ഉത്തർ പ്രദേശ് ബറോഡയെ 54 റൺസിനും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

