വീട്ടിൽ ഡിന്നറൊരുക്കി രാഹുലിനെ കെട്ടിപ്പിടിച്ച് ലഖ്നോ ടീം ഉടമ; ചൂടായതിന് പിന്നാലെ ‘സോപ്പിടൽ’
text_fieldsഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പത്തു വിക്കറ്റിന്‍റെ തോൽവി വഴങ്ങിയതിന് പിന്നാലെ ലഖ്നോ സൂപ്പർ ജയന്‍റ്സ് നായകൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവെച്ച് പരസ്യമായി ശകാരിച്ചതിന് ‘പരിഹാരം’ ചെയ്ത് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഡൽഹിയിലെ തന്റെ വസതിയിൽ രാഹുലിനായി പ്രത്യേക ഡിന്നറൊരുക്കിയ സഞ്ജീവ് താരത്തെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
ഐ.പി.എല്ലിലെ അവസാന രണ്ട് മത്സരങ്ങളിൽ രാഹുൽ നായകസ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ടീം ഉടമയുടെ വീട്ടിലെ ‘സൽക്കാരം’. പ്ലേഓഫിൽ ഇടംപിടിക്കാൻ കടുത്ത മത്സരത്തിലാണ് നിലവിൽ ലഖ്നോ. മേയ് 14ന് ഡൽഹി ക്യാപിറ്റൽസിനും 17ന് മുംബൈ ഇന്ത്യൻസിനുമെതിരെയുമാണ് ലഖ്നോക്ക് മത്സരങ്ങളുള്ളത്.
സൺറൈസേഴ്സിനെതിരായ മത്സരശേഷം ബൗണ്ടറിക്ക് പുറത്തുവെച്ചായിരുന്നു ഗോയങ്ക രാഹുലിനെ ശകാരിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമുയർന്നു. സ്വന്തം ടീം ക്യാപ്റ്റനെ ആരാധകരുടെ മുന്നിൽവെച്ച് അപമാനിച്ച നടപടി ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നായിരുന്നു മുൻ താരങ്ങളും ആരാധകരുമെല്ലാം അഭിപ്രായപ്പെട്ടത്.

