ബംഗ്ലാദേശ് താരത്തിന്‍റെ അതിവേഗ ട്വന്‍റി20 ഫിഫ്റ്റി സ്വന്തമാക്കി ലിറ്റൺ ദാസ്
text_fieldsട്വന്‍റി20യിൽ ഒരു ബംഗ്ലാദേശ് താരം കുറിക്കുന്ന അതിവേഗ അർധ സെഞ്ച്വറി ഇനി ലിറ്റൺ ദാസിന്‍റെ പേരിൽ. ബുധനാഴ്ച അയര്‍ലന്‍ഡിനെതിരെ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണര്‍ 18 പന്തിലാണ് അർധ സെഞ്ച്വറി നേടിയത്.
2007ലെ ട്വന്‍റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുഹമ്മദ് അഷ്റഫുള്‍ 20 പന്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് താരം മറികടന്നത്. മത്സരത്തിൽ 41 പന്തുകൾ നേരിട്ട ലിറ്റൺ ദാസ് മൂന്നു സിക്സും 10 ഫോറുകളുമടക്കം 83 റൺസാണ് അടിച്ചെടുത്തത്. മഴ കാരണം 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, ലിറ്റണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിൽ ആതിഥേയർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അയർലൻഡിന് 17 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ഷാകിബ് അൽ ഹസൻ അഞ്ച് വിക്കറ്റ് നേടി. ബംഗ്ലാദേശിന് 77 റൺസിന്‍റെ ജയം. കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയയില്‍ നടന്ന ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 21 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ലിറ്റണ്‍ ദാസ് തിളങ്ങിയിരുന്നു. അന്ന് രണ്ട് പന്തുകളുടെ വ്യത്യാസത്തിലാണ് താരത്തിന് അതിവേഗ ഫിഫ്റ്റി നഷ്ടമായത്.