ലെജൻഡ്സ് ലീഗ്; ഇന്ന് ജീവന്മരണ പോരാട്ടം
text_fieldsവേൾഡ് ജയന്റ്സിന്റെ ജാക് കാലിസും ഹാഷിം ആംലയും ബാറ്റിങ്ങിനിടെ
ദോഹ: ഒരു ദിവസത്തെ ഇടവേളക്കുശേഷം ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ശനിയാഴ്ച ജീവന്മരണ പോരാട്ടം. ലീഗ് റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ നാലിൽ മൂന്നും ജയിച്ച ഷെയ്ൻ വാട്സനും ആരോൺ ഫിഞ്ചുമെല്ലാം നയിക്കുന്ന വേൾഡ് ജയന്റ്സ് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. എന്നാൽ, രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഏഷ്യ ലയൺസിനും ഇന്ത്യ മഹാരാജാസിനും ശനിയാഴ്ച ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെമി ഫൈനൽ പോരാട്ടം.
ഇവരിലെ വിജയികളാവും ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ വേൾഡ് ജയന്റ്സിനെതിരെ പാഡുകെട്ടുന്നത്. നാലു കളിയിൽ രണ്ടു ജയം നേടിയ ഷാഹിദ് അഫ്രീദിയുടെ ഏഷ്യ ലയൺസ് രണ്ടാം സ്ഥാനത്താണ്. ഒരു കളി മാത്രം ജയിച്ച്, മൂന്നു തോൽവി വഴങ്ങിയ ഗൗതം ഗംഭീറിന്റെ ഇന്ത്യ മഹാരാജാസ് മൂന്നാം സ്ഥാനത്തുമാണ്.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഏഷ്യ ജയന്റ്സിനെ തോൽപിച്ചാണ് വേൾഡ് ജയന്റ്സ് ഫൈനലിൽ കടന്നത്. വിജയികൾക്ക് മുന്നേറാമായിരുന്ന മത്സരത്തിൽ ഹാഷിം ആംല (68 റൺസ്), ജാക് കാലിസ് (56 നോട്ടൗട്ട്) എന്നീ പഴയ പടക്കുതിരകളുടെ ഇന്നിങ്സ് കളിയുടെ ഗതി നിർണയിച്ചു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ വേൾഡ് ജയന്റ്സ് 150 എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഏഷ്യ പതറി. 19.1 ഓവറിൽ 130 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായിരുന്നു. തിലകരത്നെ ദിൽഷൻ (37), നായകൻ ഷാഹിദ് അഫ്രീദി(26) എന്നിവരായിരുന്നു ടീമിന്റെ ടോപ് സ്കോറർമാർ.
പത്തുവർഷം മുമ്പ് കളി നിർത്തി പടിയിറങ്ങിയ കാലിസിന്റെ ബാറ്റിൽനിന്ന് ചൂടുള്ള ഇന്നിങ്സുകൾ പിറന്നതായിരുന്നു കഴിഞ്ഞ രാത്രിയിൽ ഏഷ്യൻ ടൗണിലെ കാണികൾക്കുള്ള മനോഹര കാഴ്ച. 43 പന്തിൽ രണ്ടു സിക്സും അഞ്ചു ബൗണ്ടറിയും പഴയ ഓൾറൗണ്ടർ പറത്തി. ബുധനാഴ്ച, ഇന്ത്യ മഹാരാജാസിനെയും വേൾഡ് ജയന്റ്സ് തോൽപിച്ചിരുന്നു. മൂന്നു വിക്കറ്റിനായിരുന്നു ജയം.