ലാറ പുറത്ത്; വെട്ടോറി സൺറൈസേഴ്സ് കോച്ച്
text_fieldsഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എൽ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയെ നിയമിച്ചു. വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറക്കു പകരക്കാരനായാണ് വെട്ടോറി എത്തുന്നത്. 2023 സീസണിൽ ടോം മൂഡിയിൽനിന്ന് ചുമതലയേറ്റെടുത്ത ലാറക്കു കീഴിൽ കളിച്ച സൺറൈസേഴ്സ് പത്താം സ്ഥാനത്തായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ താരവും പരിശീലകനുമായിരുന്നു വെട്ടോറി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ.സി.ബി) പ്രധാന പരിശീലകനായി കഴിഞ്ഞ ദിവസം മുൻ സിംബാബ്വെ താരം ആന്റി ഫ്ലവറിനെ നിയമിച്ചിരുന്നു. ഹെഡ് കോച്ചായിരുന്ന സഞ്ജയ് ബംഗാറിന്റെയും ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടർ മൈക് ഹെസ്സന്റെയും കാലാവധി പൂർത്തിയായതോടെയാണ് പുതിയ പരിശീലകനെ നിയമിച്ചത്. ആർ.സി.ബി വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ ലണ്ടനിൽ വെച്ച് ആന്റി ഫ്ലവറുമായി കൂടിക്കാഴ്ച നടത്തിയാണ് കരാർ ഉറപ്പിച്ചത്.

