വൈഭവിനെ പുറത്താക്കിയതിനു പിന്നാലെ ജാമിസന്‍റെ ‘കൈവിട്ട ആഘോഷം’! പണികൊടുത്ത് ബി.സി.സി.ഐ
text_fieldsജയ്പൂർ: ഐ.പി.എല്‍ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി കാപിറ്റൽസ് പേസർ കൈൽ ജാമിസൺ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ജാമിസൻ എറിഞ്ഞ ഇൻസ്വിങ് യോര്‍ക്കറില്‍ വൈഭവ് ബൗൾഡാകുകയായിരുന്നു.
പ്രകോപിതനായി കൈയടിച്ചും രൂക്ഷമായി നോക്കിയുമാണ് വൈഭവിനെ താരം യാത്രയാക്കിയത്. ജാമിസന്‍റെ ‘കൈവിട്ട ആഘോഷം’ സൈബർ ലോകത്ത് വ്യാപക വിമർശനത്തിന് ഇടയാക്കി. പതിനഞ്ചു വയസ്സു മാത്രമുള്ള വൈഭവിനോട് ഇത്രയും രൂക്ഷമായി പ്രതികരിക്കേണ്ട ആവശ്യം എന്തായിരുന്നുവെന്നാണ് പലരും ചോദിച്ചത്. രണ്ടു പന്തിൽ ഒരു ഫോറടക്കം നാലു റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ന്യൂസിലൻഡ് പേസറുടെ ഈ വൈകാരിക ആഘോഷത്തിനെതിരെ ഒടുവിൽ ബി.സി.സി.ഐ നടപടിയെടുത്തിരിക്കുകയാണ്. ഒരു ഡീമെറിറ്റ് പോയന്‍റും താക്കീതുമാണ് താരത്തിന് ശിക്ഷയായി നൽകിയത്. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്ക്ൾ 2.5ന്‍റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ നടപടിയെടുത്തത്.
മത്സരത്തിൽ ഒരു കളിക്കാരനെ പ്രകോപിപ്പിക്കുകയോ താരത്തോട് മോശമായി പെരുമാറുകയോ ചെയ്യുന്നതിനെതിരെയാണിത്. ജാമിസൺ തന്റെ തെറ്റ് സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ലെവൽ വൺ ഗണത്തിൽപ്പെടുന്ന ലംഘനമായതിനാലാണ് താക്കീതും ഡീമെറിറ്റ് പോയന്റും നൽകിയത്. വിവാദങ്ങൾക്കിടയിലും മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് സീസണിലെ നാലാം ജയം സ്വന്തമാക്കി. രാജസ്ഥാൻ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടക്കുകയായിരുന്നു.
അർധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹി വമ്പൻ സ്കോർ മറികടന്നത്. മിച്ചൽ സ്റ്റാർക്ക് മൂന്നു വിക്കറ്റ് നേടി. സീസണിലെ ആദ്യ അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗ് (50 പന്തിൽ 90), ഡൊണോവൻ ഫെരേര (14 പന്തിൽ 47*), ധ്രുവ് ജുറേൽ (30 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് രാജസ്ഥാനെ 200 കടത്തിയത്. സീസണിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന വൈഭവ് പത്ത് മത്സരങ്ങളിൽനിന്ന് 404 റണ്‍സാണ് ഇതുവരെ അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

