കുൽദീപിന് ചരിത്രനേട്ടം; ലോക ക്രിക്കറ്റിൽ അതിവേഗം ഈ റെക്കോഡ് കൈവരിക്കുന്ന താരം...
text_fieldsകുൽദീപ് യാദവ്
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച് ഇന്ത്യയുടെ കുൽദീപ് യാദവ്.
താരത്തിന്‍റെ ബൗളിങ് മികവിൽ വിൻഡീസിനെ ഒന്നാം ഇന്നിങ്സിൽ 248 റൺസിനാണ് ഇന്ത്യ എറിഞ്ഞിട്ടത്. 26.5 ഓവറിൽ 82 റൺസ് വിട്ടുകൊടുത്താണ് കുൽദീപ് അഞ്ചു വിക്കറ്റെടുത്തത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇടങ്കൈയൻ റിസ്റ്റ് സ്പിന്നറായി കുൽദീപ്. 15 ടെസ്റ്റുകളിൽനിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിന്‍റെ ജോണി വാർഡിലും അഞ്ചു തവണ അഞ്ചു വിക്കറ്റെടുത്തിട്ടുണ്ട്. എന്നാൽ, 28 ടെസ്റ്റുകളിൽനിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് നേടി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 518 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ആതിഥേയർക്ക് 270 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. വീണ്ടും ബാറ്റിങ് തുടങ്ങിയ വിൻഡീസ് നിലവിൽ 23.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തിട്ടുണ്ട്. ഇനിയും 173 റൺസ് പിന്നിലാണ്. 84 പന്തിൽ 41 റൺസെടുത്ത അലിക് അതനാസെയാണ് ഒന്നാം ഇന്നിങിസിൽ വിൻഡീസിന്‍റെ ടോപ് സ്കോറർ. നാലിന് 140 എന്ന നിലയിലാണ് മൂന്നാംദിനം വിൻഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. 16 റൺസ് കൂട്ടിചേർക്കുന്നതിനിടെ ഷായ് ഹോപ്പിനെ നഷ്ടമായി. 57 പന്തിൽ 36 റൺസെടുത്ത ഹോപ്പിനെ കുൽദീപ് ക്ലീൻ ബൗൾഡാക്കി.
തൊട്ടുപിന്നാലെ ടെവിൻ ഇംലാഷ് (67 പന്തിൽ 21), ജസ്റ്റിൻ ഗ്രീവ്സ് (20 പന്തിൽ 17) എന്നിവരെ കുൽദീപ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. വിൻഡീസ് ഏഴിന് 174 റൺസ്. ജോമെൽ വാരികാനെ (അഞ്ചു പന്തിൽ ഒന്ന്) മുഹമ്മദ് സിറാജ് മടക്കി. ഇന്നിങ്സിൽ ഒരു ഇന്ത്യൻ പേസറുടെ ആദ്യ വിക്കറ്റ്. ഖാരി പിയറുടെ (46 പന്തിൽ 23) സ്റ്റമ്പ് ബുംറ തെറിപ്പിച്ചു. പത്താം വിക്കറ്റിൽ ആൻഡേഴ്സൺ ഫിലിപ്പും ജയ്ഡൻ സീലസും ശ്രദ്ധയോടെ കളിച്ച് സ്കോർ കണ്ടെത്തി. ഒടുവിൽ സീലസിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി കുൽദീപ് വിൻഡീസിന്‍റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. 25 പന്തിൽ 13 റൺസെടുത്താണ് താരം പുറത്തായത്. ഫിലിപ്പ് 93 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.
അലിക് അതനാസെ (41), തഗേനരെയ്ൻ ചാന്ദർപോൾ (67 പന്തിൽ 34), ജോൺ കാംപ്ബൽ (25 പന്തിൽ 10), നായകൻ റോസ്റ്റൺ ചേസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകൾ രണ്ടാം ദിനം തന്നെ ഇന്ത്യ വീഴ്ത്തിയിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും (175) ഗില്ലിന്റെയും സെഞ്ച്വറി (129*) കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 518 റൺസ് അടിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

