'അത് ഔട്ടല്ലടാ'; കുൽദീപിനെ ട്രോളി രോഹിത്തും കോഹ്‍ലിയും, ദൃശ്യങ്ങൾ വൈറൽ
text_fieldsദക്ഷിണാഫ്രിക്കക്കെതിരായ വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയമൊരുക്കുന്നതിൽ കുൽദീപ് യാദവിന്റെ ബൗളിങ്ങും നിർണായക പങ്കുവഹിച്ചിരുന്നു. പത്ത് ഓവറിൽ 41 റൺസ് വഴങ്ങി നാല് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെയാണ് കുൽദീപ് പുറത്താക്കിയത്. അതേസമയം, കുൽദീപിന്റെ ബൗളിങ്ങിനിടെ രസകരമായ ചില സംഭവങ്ങൾക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു.
കുൽദീപിന്റെ അപ്പീലുകളാണ് സ്റ്റേഡിയത്തിലെ രസകരമായ സംഭവങ്ങൾക്ക് കാരണം. മത്സരത്തിലുടനീളം അപ്പീലിന് കുൽദീപ് യാദവ് പിശുക്ക് കാട്ടിയിരുന്നില്ല. പലപ്പോഴും അപ്പീലുകൾ അനുവദിക്കാതിരുന്നപ്പോൾ ക്യാപ്റ്റൻ കെ.എൽ രാഹുലിനെ കണ്ട് ഡി.ആർ.എസ് വിളിക്കണമെന്നും കുൽദീപ് ആവശ്യപ്പെട്ടു. എന്നാൽ, വിക്കറ്റ് കിട്ടാൻ യാതൊരു സാധ്യതയുമില്ലാത്ത സാഹര്യങ്ങളിൽ പോലും കുൽദീപ് അപ്പീൽ ചെയ്തതോടെ രോഹിത്തിനും കോഹ്‍ലിക്കും ചിരിയടക്കാനായില്ല.
അപ്പീലിന്റെ പേരിൽ കുൽദീപിനെ ഒരുവേള രോഹിത് ശാസിക്കുകയും ചെയ്തു. അതേസമയം, മത്സരശേഷം ഗ്രൗണ്ടിൽ നടന്ന സംഭവങ്ങളെ കുറിച്ച് കുൽദീപ് പ്രതികരിക്കുകയും ചെയ്തു. ഡി.ആർ.എസ് തീരുമാനങ്ങളെടുക്കുന്നതിൽ താൻ വളരെ മോശമാണെന്നായിരുന്നു കുൽദീപിന്റെ പ്രതികരണം. ബാറ്ററുടെ പാഡിൽ പന്തുകൊള്ളുമ്പോഴെല്ലാം അത് വിക്കറ്റാണെന്നാണ് തന്റെ ധാരണയെന്നും കുൽദീപ് പറഞ്ഞു.
യശസ്വി ജയ്സ്വാളിന്‍റെ കന്നി ഏകദിന സെഞ്ച്വറിയുടെയും വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയം നേടിയിരുന്നു.
ടെസ്റ്റ് പരമ്പര പ്രോട്ടീസിനു മുന്നിൽ അടിയറവെച്ച ഇന്ത്യ 2-1നാണ് ഏകദിന പരമ്പര സ്വന്തമാക്കിയത്. ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 39.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 271 റൺസെടുത്തു. 121 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം 116 റൺസുമായി ജയ്സ്വാളും 45 പന്തിൽ 65 റൺസുമായി കോഹ്ലിയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

