ഏകദിനം: ഒമാനെതിരെ കേരളത്തിന് തകർപ്പൻ ജയം
text_fieldsമസ്കത്ത്: ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരളം. മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരെ എട്ട് വിക്കറ്റിനാണ് കേരളം തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 42.1 ഓവറിൽ രണ്ട് വിക്കറ്റിന് ലക്ഷ്യത്തിലെത്തി. കൃഷ്ണപ്രസാദ് 120 പന്തിൽ 14 ഫോറും രണ്ട് സിക്സുമടക്കം 117 റൺസുമായി പുറത്താകാതെ നിന്നു. ഗോവിന്ദ് ദേവ് പൈ 92 പന്തിൽ 83 റൺസുമെടുത്തു.
ടോസ് നേടിയ കേരളം ഒമാനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ക്യാപ്റ്റൻ ജതീന്ദർ സിങ്ങും ജീത് ഷായും ചേർന്നുള്ള ഓപണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ 51 റൺസ് പിറന്നു. ജതീന്ദർ സിങ് 21ഉം ജീത് ഷാ 63ഉം റൺസ് നേടി. എന്നാൽ, തുടർന്നെത്തിയവർക്ക് പിടിച്ചുനിൽക്കാനായില്ല. ഒമ്പതാമനായെത്തി 23 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്ന നദീം ഖാന്റെ പ്രകടനമാണ് ഒമാന്റെ സ്കോർ 244ൽ എത്തിച്ചത്.
ആനന്ദ് ജോസഫ് 10 ഓവറിൽ 60 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കാർത്തിക് ബി. നായർ മൂന്നും അബ്ദുൽ ബാസിത് രണ്ടും വിക്കറ്റ് നേടി. കേരളത്തിന് തുടക്കത്തിൽതന്നെ 14 റൺസെടുത്ത വത്സൽ ഗോവിന്ദിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കൃഷ്ണപ്രസാദ്- ഗോവിന്ദ് ദേവ് കൂട്ടുകെട്ടാണ് അനായാസ വിജയമൊരുക്കിയത്. ഈ സഖ്യം 175 റൺസ് നേടി. ടീമിനെ ജയത്തിന് തൊട്ടരികിലെത്തിച്ച ശേഷമാണ് ഗോവിന്ദ് ദേവ് മടങ്ങിയത്. മുംബൈയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

