മകൾ ലോകം ജയിച്ചെത്തി; 13 വർഷം മുമ്പ് പിരിച്ചുവിട്ട പിതാവിന് ജോലി തിരികെ നൽകി സർക്കാറിന്റെ പ്രായശ്ചിത്തം
text_fieldsക്രാന്തി ഗൗഡ് ലോകകപ്പ് ട്രോഫിയുമായി
ഭോപാൽ: ഇന്ത്യൻ പെൺപട ക്രിക്കറ്റിലെ ലോക കിരീടമണിഞ്ഞ് നാടണഞ്ഞിട്ടും ആഘോഷങ്ങൾ അവസാനമില്ലാതെ തുടരുകയാണ്. ഇന്ത്യയെ ആദ്യമായി വനിതാ ഏകദിന ലോകകപ്പിൽ കിരീടമണിയിച്ച് താരങ്ങൾ സ്വന്തം നാടുകളിലെത്തിയപ്പോൾ കൈനിറയെ സമ്മാനങ്ങളും വൻ സ്വീകരണങ്ങളും ഒരുക്കിയാണ് ഓരോ സംസ്ഥാനങ്ങളും അവരെ വരവേൽക്കുന്നത്. അതിനിടയിൽ വെള്ളിയാഴ്ച ഭോപ്പാലിൽ നൽകിയ ഒരാഘോഷ ചടങ്ങ് ഒരു മധുര പ്രതികാരം കൊണ്ട് ശ്രദ്ധേയമായി മാറി.
ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ അംഗമായ ക്രാന്തി ഗൗഡക്ക് മധ്യപ്രദേശ് സർക്കാർ നൽകിയ സ്വീകരണമായിരുന്നു വേദി. കുഞ്ഞു നാളിൽ പട്ടിണിയോടും ഇല്ലായ്മയോടും പടവെട്ടിയവൾ ലോകം കീഴടക്കി തിരിച്ചെത്തിയപ്പോൾ സംസ്ഥാന സർക്കാർ ഒരു പ്രായാശ്ചിത്തവും ചെയ്തു.
തങ്ങളുടെ കുടുംബത്തെ തീരാദുരിതത്തിലേക്ക് നയിച്ച സർക്കാർ തീരുമാനത്തിന് 13 വർഷത്തിനു ശേഷം ഒരു തിരുത്ത്. വർഷങ്ങൾക്ക് മുമ്പ് പൊലീസിൽ നിന്നും പിരിച്ചുവിട്ട ക്രാന്തി ഗൗഡയുടെ പിതാവിന് സർവീസിൽ തിരികെയെത്താനും, പൊലീസ് യൂണിഫോമണിഞ്ഞ് വിരമിക്കാനുമുള്ള അവസരം നൽകുമെന്ന സർക്കാറിന്റെ പ്രഖ്യാപനം.
വെള്ളിയാഴ്ച നടന്ന സ്വീകരണ ചടങ്ങിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ഈ തീരുമാനം അറിയിച്ചു.
പട്ടിണിയും ദുരിതവും പിന്നിട്ട ബാല്ല്യം
ക്രാന്തി ഗൗഡിന് ഒമ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് പൊലീസുകാരനായ പിതാവ് മുന്ന സിങ് ഗൗഡിന് ജോലി നഷ്ടമാവുന്നത്. 2012ലായിരുന്നു സംഭവം. ഒരു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായ പിഴവിന് ആദ്യം സസ്പെഷനും പിന്നീട് ഡിസ്മിസലുമായി ശിക്ഷയെത്തി. കുടുംബത്തിന്റെ ഏകവരുമാനമായ ജോലിയിൽ നിന്നും ഗൃഹനാഥൻ പിരിച്ചുവിടപ്പെട്ടതോടെ, മധ്യപ്രദേശിലെ ചത്തർപൂർ ജില്ലയിലെ ഗുവാര ഗ്രാമത്തിലെ വീട്ടിൽ അടുപ്പ് പുകയാത്ത നാളുകളായി. ദിവസക്കൂലിക്കും ബസ് കണ്ടക്ടർ ജോലിയും ചെയ്ത സഹോദരങ്ങളുടെ വരുമാനമായി എട്ടംഗ കുടുംബത്തിന്റെ ആശ്രയം. ഇതിനിടയിലായിരുന്നു ക്രാന്തി ക്രിക്കറ്റ് കളിച്ച് വളരുന്നത്.
വീടിനു സമീപത്ത് ആൺകുട്ടികൾകൊപ്പം മകൾ കളിക്കാനിറങ്ങുമ്പോൾ നാട്ടുകാരുടെ പരിഹാസവും വിമർശനവും ഏറെയുണ്ടായിരുന്നതായി സഹോദരി രോഷ്നി സിങ് ഗൗഡ് ഓർക്കുന്നു. പ്രാദേശിക ടൂർണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോച്ച് രാജീവ് ബിർതാർ ക്രാന്തിയെ ശ്രദ്ധിക്കുന്നത്. പിന്നീട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ അദ്ദേഹത്തിനു കീഴിലെ പരിശീലനം പുതിയൊരു താരത്തിന് ജന്മം നൽകി. അവിടെ തുടങ്ങിയ യാത്രമാണ് ഇപ്പോൾ ദേശീയ ടീമിലും ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലെ നിർണായക സാന്നിധ്യവുമായി അവസാനിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി മികച്ച പ്രകടം പ്രകടനം കാഴ്ചവെച്ചു.
കഴിഞ്ഞ മേയിൽ ദേശീയ ടീമിൽ ഇടം നേടിയ ക്രാന്തി മീഡിയം പേസ് ബൗളിങ്ങിലൂടെ ടൂർണമെന്റിൽ ശ്രദ്ധേയ താരമായി മാറി.
ലോകകപ്പ് വിജയവുമായി നാട്ടിലെത്തിയപ്പോൾ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പൊലീസ് ജോലിയിൽ നിന്നും പിരിച്ചുവിട്ട പിതാവിന്, ഒരിക്കൽ കൂടി യൂണിഫോം അണിഞ്ഞ് വിരമിക്കാനുള്ള മോഹം പങ്കുവെച്ചത്. ഇതറിഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലും, സ്വീകരണ ചടങ്ങിലെ പ്രഖ്യാപനവും.
‘ക്രാന്തി നമുക്കും മുഴുവൻ രാജ്യത്തിനും അഭിമാനമായി. അവരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അറിഞ്ഞു. ജോലിയിൽ തിരികെ പ്രവേശിക്കാൻ അപ്പീൽ നൽകാൻ വ്യവസ്ഥയുണ്ട്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സാധ്യമായത് ചെയ്യും’ -മുഖ്യമന്ത്രിയുടെ വാക്കുകളെ വലിയ കൈയടിയോടെയാണ് ജനം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

