ഡൽഹിയെ വീഴ്ത്തി കൊൽക്കത്ത; ജയം 14 റൺസിന്, പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. ഡൽഹി ക്യാപിറ്റൽസിനെതിരെ 14 റൺസിനാണ് കൊൽക്കത്തയുടെ ജയം.
ആദ്യം ബാറ്റുചെയ്ത കൊൽകത്ത നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 20 ഒാവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
62 റൺസെടുത്ത ഡൽഹി ഓപണർ ഫാഫ് ഡുപ്ലിസിസും 43 റൺസെടുത്ത നായകൻ അക്ഷർ പട്ടേലും നടത്തിയ ചെറുത്തുനിൽപ് വിഫലമാകുകയായിരുന്നു. അഭിഷേക് പൊരേൽ നാലും കരുൺ നായർ 15 ഉം കെ.എൽ.രാഹുൽ ഏഴും ട്രിസ്റ്റൻ സ്റ്റബ്സ് ഒന്നും അശുദോഷ് ശർമ ഏഴും റൺസെടുത്ത് പുറത്തായി.
അവസാന ഒാവറുകളിൽ ആഞ്ഞടിച്ച് വിപ്രാജ് നിഗം കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കിയെങ്കിലും ജയം കൊൽക്കത്തക്കൊപ്പമായിരുന്നു. 18 പന്തുകൾ നേരിട്ട വിപ്രാജ് 38 റൺസെടുത്താണ് പുറത്തായത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്നാണ് ഡൽഹിക്ക് കനത്ത പ്രഹരമേൽപ്പിച്ചത്. വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് വീഴ്ത്തി.
പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത ഒൻപത് പോയിന്റുമായി ഏഴാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. തോറ്റെങ്കിലും 12 പോയിന്റുള്ള ഡൽഹി നാലാം സ്ഥാനത്താണ്.
നേരത്തെ, 32 പന്തിൽ 44 റൺസെടുത്ത ആൻക്രിഷ് രഘുവംശിയുടെയും 25 പന്തിൽ 36 റിങ്കു സിങിന്റെയും ബാറ്റിങ് മികവിലാണ് കൊൽക്കത്ത മികച്ച ഇന്നിങ്സ് കെട്ടിപ്പടുത്തത്.
റഹ്മാനുള്ള ഗുർബാസ് (26), സുനിൽ നരെയ്ൻ (27), അജിങ്ക്യ രഹാനെ (26), വെങ്കിടേഷ് അയ്യർ (7), റോവ്മാൻ പവൽ (5), അങ്കുൽ റോയ് (0), ആന്ദ്രേ റസ്സൽ (17) എന്നിവരാണ് പുറത്തായത്.
അവസാന ഒാവറിലെ രണ്ടു വിക്കറ്റ് ഉൾപ്പെടെ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേലും വിപ്രജ് നിഗവും രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.