
ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി; ഒറിജിനലിനെ കണ്ടെത്താൻ നിർദേശം
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കളത്തിലെന്ന പോലെ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ്. കോഹ്ലി മാത്രമല്ല, അദ്ദേഹത്തിന്റെ അപരൻമാരും സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലാണ്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാകും പലപ്പോഴും അവരുടെ പ്രകടനം. ഇപ്പോൾ തന്റെ അപരൻമാരെയെല്ലാം ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ് വിരാട് കോഹ്ലി.
ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലും കോഹ്ലി ഉണ്ടാകില്ലെന്ന് ബി.സി.സി.ഐ ശനിയാഴ്ച അറിയിച്ചു. ഇതോടെ 33-കാരൻ ടീം ഇന്ത്യയുടെ ബയോ ബബിൾ ഉപേക്ഷിച്ച് 10 ദിവസത്തേക്ക് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതോടെയാണ് തന്റെ അപരൻമാർക്കൊപ്പം ഇരുന്ന് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഒമ്പത് അപരൻമാർക്കൊപ്പമാണ് കോഹ്ലി ഇരിക്കുന്നത്. ഒരു മേശക്ക് ചുറ്റും ഒരേ വേഷത്തിലാണ് എല്ലാവരുമുള്ളത്. കോഹ്ലിയുടെ മാസ്റ്റർപീസായ താടിയാണ് എല്ലാവർക്കും. ആരാധകരോട് യഥാർത്ഥയാളെ കണ്ടെത്താൻ ആവശ്യപ്പെട്ടാണ് കോഹ്ലി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. ട്വിറ്ററിൽ പോസ്റ്റ് 1.14 ലക്ഷം ലൈക്കുകൾ നേടുകയും 7400ന് മുകളിൽ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞദിവസം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടുകയും ടീമിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. മത്സര വിജയത്തോടെ പരമ്പരയും സ്വന്തമാക്കി.
മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി താരം തിരിച്ചെത്തും. ഇന്ത്യയും ശ്രീലങ്കയും ഫെബ്രുവരി അവസാനം മൂന്ന് ട്വന്റി20 മത്സരങ്ങൾ കളിക്കും. തുടർന്ന് രണ്ട് ടെസ്റ്റ് മത്സരങ്ങളുണ്ടാകും. ഇടവേളക്കുശേഷം തിരിച്ചെത്തുന്ന കോഹ്‌ലി തന്റെ കരിയറിലെ 100-ാം ടെസ്റ്റിനായിരിക്കും പാഡണിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
