ലോർഡ്സിൽ ചരിത്രമെഴുതി രാഹുൽ; ദ്രാവിഡിനും ഗാംഗുലിക്കും കൈവരിക്കാനാകാത്ത നേട്ടം...
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയതിനു തൊട്ടുപിന്നാലെ പുറത്തായെങ്കിലും, അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ. 177 പന്തിൽ 13 ഫോറടക്കം 100 റൺസെടുത്താണ് താരം പുറത്തായത്.
പരമ്പരയിൽ രണ്ടാം സെഞ്ച്വറിയാണ് ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സിൽ താരം കുറിച്ചത്. ലോർഡ്സ് മൈതാനത്ത് താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയും. ദിലീപ് വെംഗ്സർക്കാറിനുശേഷം ലോർഡ്സിൽ രണ്ട് ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോഡാണ് രാഹുൽ സ്വന്തമാക്കിയത്. 2018 മുതൽ ഇംഗ്ലണ്ടിൽ കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ഓപ്പണർ കൂടിയായി രാഹുൽ -നാലു സെഞ്ച്വറികൾ. മൂന്നു സെഞ്ച്വറിയുമായി ബെൻ ഡക്കറ്റും രണ്ടു സെഞ്ച്വറിയുമായി സാക് ക്രോളിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
നാലാം വിക്കറ്റിൽ രാഹുൽ, ഋഷഭ് പന്തിനൊപ്പം ചേർന്ന് നേടിയ 141 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
മൂന്നിന് 145 റൺസെന്ന നിലയിലാണ് മൂന്നാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന പന്തിനെ ഇംഗ്ലീഷ് നായകൻ ബെന്‍ സ്റ്റോക്സ് റണ്ണൗട്ടാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. സ്കോർ ബോർഡിൽ 103 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. തൊട്ടുപിന്നാലെ രാഹുലും പുറത്ത്. ശുഐബ് ബഷീറിന്‍റെ പന്തിൽ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
രണ്ടാംദിനം ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാൾ എട്ട് പന്തിൽ 13 റൺസെടുത്ത് ആർച്ചറുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ കരുൺ നായർ പക്ഷേ, രാഹുലിനൊപ്പം ചേർന്ന് പോരാട്ടത്തിന് കരുത്തുപകർന്നു. രാഹുൽ അർധശതകം നേടി നങ്കൂരമുറപ്പിച്ചപ്പോൾ മലയാളി താരം 62 പന്തിൽ 40 റൺസ് നേടി പുറത്തായി. 44 പന്തിൽ 16 റൺസ് നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ മടക്കം ഇന്ത്യയെ ഞെട്ടിച്ചു.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ വിശ്രമം കഴിഞ്ഞ് വീണ്ടും പന്തെടുത്ത ബുംറയുടെ മാരക സ്പെല്ലാണ് വെള്ളിയാഴ്ച രാവിലെ കളിയുടെ ഗതി നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

