ചിന്നസ്വാമിയിൽ കളംവരച്ച് അതിനുള്ളിൽ ബാറ്റും കുത്തിനിർത്തി എന്താ ഒരു നിൽപ്പ്! രാഹുലിന്‍റെ ആഘോഷത്തിന് പ്രചോദനം ഈ സിനിമ...
text_fieldsബംഗളൂരു: യാഷ് ദയാലിനെ സിക്സ് പറത്തി, മാരക ഫിനിഷിങ്ങിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുൽ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കളിച്ചു വളർന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാഹുലിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ മികവിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഡൽഹി ആറു വിക്കറ്റിന് തകർത്തത്.
തന്‍റെ വിമർശകർക്ക് ബാറ്റുകൊണ്ടാണ് താരം മറുപടി നൽകിയത്. 53 പന്തിൽ 93 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. മാരക ഫിനിഷിങ്ങിനു പിന്നാലെ മൈതാനത്ത് ബാറ്റുകൊണ്ട് കളംവരച്ച് അതിനുള്ളിൽ ബാറ്റും കുത്തി രാഹുലിന്‍റെ ഒരു നിൽപ്പുണ്ട്! ഈ ആഘോഷത്തിനു പിന്നിൽ തന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നായ ‘കാന്താര’ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ. മത്സരശേഷം ഡൽഹി ടീം അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് താരം ഇക്കാര്യം തുറന്നുപറയുന്നത്.
കൂടാതെ, നെഞ്ചിൽ ഇടിച്ച് ഗ്രൗണ്ടിലേക്കും ജഴ്സിയിലേക്കും രാഹുൽ വിരൽ ചൂണ്ടി നിൽക്കുന്നതും ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇത്തരമൊരു ആഘോഷത്തിനു പിന്നിൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘കാന്താര’യാണെന്നാണ് രാഹുലിന്റെ വെളിപ്പെടുത്തൽ. ഋഷഭ് ഷെട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം വൻഹിറ്റായിരുന്നു. മൊഴിമാറ്റി മലയാളത്തിലും റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽനിന്ന് 450 കോടി രൂപയാണ് നേടിയത്. ചിന്നസ്വാമി പ്രിയപ്പെട്ട ഇടമാണ്. തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘കാന്താര’യിൽനിന്നുള്ളതാണ് ഈ ആഘോഷം. ഈ ഗ്രൗണ്ടും ടർഫും സ്ഥലവും എന്‍റേതാണ്, ഇവിടെയാണ് ഞാൻ കളിച്ചുവളർന്നത് -വിഡിയോയിൽ രാഹുൽ പറയുന്നുണ്ട്.
കർണാടകയുടെ താരമായിരുന്നു രാഹുൽ, ആഭ്യന്തര ക്രിക്കറ്റിൽ ഭൂരിഭാഗവും കളിച്ചത് ചിന്നസ്വാമി ഗ്രൗണ്ടിലാണ്. 2013, 2016 ഐ.പി.എൽ സീസണുകളിൽ ആർ.സി.ബിക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്. ചിന്നസ്വാമിയിൽ 18 ഐ.പി.എൽ മത്സരങ്ങളിൽനിന്ന് 475 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 43.18 ആണ് ശരാശരി. മൂന്നു അർധ സെഞ്ച്വറിയും നേടി. ബംഗളൂരുവിനെതിരെ നേടിയ 93 റൺസാണ് ഉയർന്ന സ്കോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

