ഉപനായക പദവി നഷ്ടമായതിനു പിറകെ േപ്ലയിങ് 11 ന് പുറത്തും; രാഹുലിന്റെ തിരിച്ചുവരവിനെ വാഴ്ത്തി വിമർശകർ
text_fieldsടെസ്റ്റ് ക്രിക്കറ്റിൽ സമീപകാല പ്രകടനങ്ങളൊന്നും പ്രതീക്ഷ നൽകായതോടെ ഇടക്കാലത്ത് കെ.എൽ രാഹുലിന് നഷ്ടമായത് പലതായിരുന്നു. ഉപനായക പദവിയിൽനിന്ന് മാറ്റിനിർത്തപ്പെട്ടതിന് പുറമെ േപ്ലയിങ് ഇലവനിൽനിന്നും പുറത്തായി. ടെസ്റ്റ് ടീമിൽ ഓപണർ റോളിൽ പകരക്കാരനെത്തി. എല്ലാറ്റിലുമുപരി കടുത്ത വിമർശനവുമായി മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തു സജീവമായി. എന്നാൽ, ക്രിക്കറ്റിൽ ഫോം നഷ്ടമാകൽ ഇടക്കാലത്ത് സംഭവിക്കാവുന്നതാണെന്നും അതിന്റെ പേരിൽ ഇത്രയും വേണ്ടിയിരുന്നില്ലെന്നും ബാറ്റുകൊണ്ട് നയം വ്യക്തമാക്കുകയാണ് കെ.എൽ രാഹുൽ.
ആദ്യം പന്തുകൊണ്ട് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ദ്വയം നൽകിയ മേൽക്കൈ അവസരമാക്കാനാകാതെ മുൻനിര അതിവേഗം മടങ്ങിയേടത്തായിരുന്നു രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രാഹുലിന്റെ ഗംഭീര ബാറ്റിങ്. അഞ്ചാം ഓവറിൽ 16 റൺസിനിടെ മൂന്നു വിക്കറ്റ് വീണിടത്ത് രക്ഷക വേഷം സ്വയം ഏറ്റെടുത്ത് എത്തിയ താരം പുറത്താകാതെ 75 റൺസുമായി ജയം സമ്മാനിച്ചു. നല്ല സ്വിങ്ങുള്ള പിച്ചിൽ മിച്ചെൽ സ്റ്റാർക്കും കൂട്ടരും തകർപ്പൻ ബൗളിങ്ങുമായി ഇന്ത്യയെ പ്രതിരോധത്തിൽ നിർത്തിയേടത്തായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. മുമ്പും അഞ്ചാം നമ്പറിൽ മികച്ച ഫിനിഷറുടെ റോൾ ഏറ്റെടുത്തവനാണ് രാഹുൽ. ടെസ്റ്റിലെ വൻവീഴ്ചകളുടെ പേരിൽ അതും വിസ്മരിക്കപ്പെടുമെന്നായപ്പോഴാണ് ഒരിക്കലൂടെ ബാറ്റിങ്ങിലെ അപാരതയുമായി വിമർശകരുടെ വായടപ്പിച്ചത്. വിക്കറ്റ് കീപറുടെ റോളിലും രാഹുൽ മികച്ച കളിയാണ് പുറത്തെടുത്തിരുന്നത്.
നേരത്തെ, എട്ട് ഓവറിൽ 19 റൺസ് പൂർത്തിയാക്കുന്നതിനിടെ ആറു വിക്കറ്റ് വീണാണ് 35.4 ഓവറിൽ ഓസീസ് തകർച്ച പൂർത്തിയായത്. 17 റൺസ് മാത്രം നൽകിയായിരുന്നു ഷമിയുടെ മൂന്ന് വിക്കറ്റ് നേട്ടം. അഞ്ച് റൺസെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ആസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. താരത്തിന്റെ സ്റ്റമ്പ് പേസർ മുഹമ്മദ് സിറാജ് തെറിപ്പിക്കുകയായിരുന്നു. ഒപ്പമിറങ്ങിയ മിച്ചൽ മാർഷ് 65 പന്തിൽ അഞ്ച് സിക്സും പത്ത് ഫോറുമടക്കം 81 റൺസെടുത്ത് ഓസീസിനെ കരകയറ്റുമെന്ന് തോന്നിച്ചു. പിന്നീടാണ് എല്ലാം തകർത്ത് ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടിയത്.
ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. അഞ്ച് റൺസ് എടുക്കുമ്പോഴേക്കും ഇഷാൻ കിഷനെ കൈവിട്ട ആതിഥേയ സ്കോർ 16ലെത്തിയപ്പോൾ വിരാട് കോഹ്‍ലിയേയും സുര്യകുമാർ യാദവിനേയും നഷ്ടമായി. ശുഭ്മാൻ ഗില്ലും വേഗം മടങ്ങിയതോടെ 39ന് നാല് എന്ന നിലയിലായി. ഹാർദിക് പാണ്ഡ്യയും വൈകാതെ കൂടാരം കയറി. ചീട്ടുകൊട്ടാരം കണക്കെ വീണുടയുമെന്ന് തോന്നിച്ചേടത്തായിരുന്നു രാഹുലിന്റെ മാസ്മരിക പ്രകടനം. ഇതോടെ വെങ്കടേഷ് പ്രസാദ് ഉൾപ്പെടെ മുൻതാരങ്ങൾ രാഹുലിനെ വാഴ്ത്തി രംഗത്തെത്തി.