വനിത ട്വന്റി 20: ജയിച്ചിട്ടും കേരളം പുറത്ത്
text_fieldsമൊഹാലി: ദേശീയ സീനിയർ വനിത ട്വന്റി 20 ടൂർണമെന്റിൽ കരുത്തരായ മുംബൈക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് കേരളം കൂറ്റൻ ലക്ഷ്യം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.
അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സജന സജീവനാണ് വിജയശിൽപി. സജന 31 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം 51 റൺസുമായി പുറത്താകാതെ നിന്നു. ജയിച്ചെങ്കിലും കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനായില്ല. 24 പോയന്റുള്ള വിദർഭക്ക് പിന്നിൽ 20 പോയന്റ് വീതം നേടി കേരളവും മുംബൈയും ബറോഡയും ഒപ്പത്തിനൊപ്പമെത്തി. എന്നാൽ, മികച്ച റൺ ശരാശരിയുള്ള മുംബൈ രണ്ടാമത്തെ ടീമായി അടുത്ത റൗണ്ടിൽ കടന്നു.
സി.കെ. നായിഡു ട്രോഫി: കേരളം- ഗുജറാത്ത് സമനില
സൂറത്ത്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും ഗുജറാത്തും തമ്മിലെ മത്സരം സമനിലയിൽ അവസാനിച്ചു. അവസാന ദിനം അഞ്ച് വിക്കറ്റിന് 287 റൺസിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർ രണ്ട് വിക്കറ്റിന് 94 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. കേരള താരം എ.കെ. ആകർഷിന്റെ (116 നോട്ടൗട്ട്) സെഞ്ച്വറിയാണ് ഞായറാഴ്ചത്തെ ആകർഷണം. ഒന്നാം ഇന്നിങ്സിൽ കേരളം 270ഉം ഗുജറാത്ത് 286ഉം റൺസാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

