സൽമാൻ നിസാറിന് സെഞ്ച്വറി (111*); തകർച്ചയിൽനിന്ന് കരകയറി കേരളം; ഒമ്പതിന് 302 റൺസ്
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിൽ തകർച്ചയിൽനിന്ന് കരകയറി കേരളം. സൽമാൻ നിസാറിന്‍റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിൽ ബിഹാറിനെതിരെ ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം, ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തിട്ടുണ്ട്. നിസാറും (172 പന്തിൽ 111), വൈശാഖ് ചന്ദ്രനുമാണ് (14 പന്തിൽ ഒരു റൺ) ക്രീസിൽ.
തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷോണ്‍ റോജർ അർധ സെഞ്ച്വറിയുമായി തിളങ്ങി. 119 പന്തിൽ ഒമ്പതു ഫോറടക്കം 59 റൺസെടുത്താണ് താരം പുറത്തായത്. 77 പന്തിൽ ആറു ഫോറുകളോടെ 38 റൺസെടുത്ത അക്ഷയ് ചന്ദ്രനും ഭേദപ്പെട്ട പ്രകടനം നടത്തി.
ഒരുഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു കേരളം. ഓപ്പണർ രോഹൻ കുന്നുമ്മൽ (ആറു പന്തിൽ മൂന്ന്), ആനന്ദ് കൃഷ്ണൻ (27 പന്തിൽ 11), ക്യാപ്റ്റൻ സചിൻ ബേബി (11 പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. തുടർന്ന് അക്ഷയിയും ഷോൺ റോജറും ചേർന്ന് പടുത്തയർത്തിയ അർധസെഞ്ച്വറി കൂട്ടുകെട്ടാണ് ആതിഥേയർക്ക് കരുത്തായത്. 140 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 89 റൺസ്. മുഹമ്മദ് അസ്ഹറുദ്ദീൻ (15 പന്തിൽ ഒമ്പത്), ജലജ് സക്സേന (എട്ടു പന്തിൽ അഞ്ച്), ആദിത്യ സർവതെ (20 പന്തിൽ ആറ്) എന്നിവർ നിരാശപ്പെടുത്തി.
ഒമ്പതാം വിക്കറ്റിൽ എം.ഡി നീധീഷിനെ കൂട്ടുപിടിച്ച് സൽമാൻ നിസാർ നടത്തിയ ചെറുത്തുനിൽപ്പാണ് ടീം സ്കോർ 300 കടത്തിയത്. 43 പന്തിൽ 30 റൺസെടുത്താണ് നിധീഷ് പുറത്തായത്. ബിഹാറിനായി ഹർഷ് സിങ്, സചിൻ കുമാർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. വീർ പ്രതാപ് സിങ്, അഭിഷേക് സിങ്, ഗുലാം റബ്ബാനി, സാകിബുൽ ഗനി, യാശ്പാൽ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് മത്സരം ജയിച്ചാൽ ക്വർട്ടർ ഫൈനൽ ഉറപ്പിക്കാനാകും. നിലവിൽ ആറിൽ അഞ്ചു കളികളിലും തോറ്റ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബിഹാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

