വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തമിഴ്നാടിനോട് 77 റൺസ് തോൽവി
text_fieldsഅഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ നോക്കൗട്ട് കാണാതെ കേരളം പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴാം റൗണ്ട് മത്സരത്തിൽ തമിഴ്നാടിനോട് 77 റൺസിന് തോറ്റതോടെയാണ് കേരളത്തിന്‍റെ പ്രതീക്ഷകൾ പൊലിഞ്ഞത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളം 40.2 ഓവറിൽ 217 റൺസിന് ഓൾ ഔട്ടായി. തോൽവിയോടെ പോയന്റ് പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് വീണു. കർണാടക്കെതിരെ ജയിച്ച മധ്യപ്രദേശ് രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഒന്നാമതുള്ള കർണാടക നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. ക്യാപ്റ്റൻ നാരായൺ ജഗദീഷന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് തമിഴ്നാടിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങി 126 പന്തിൽ അഞ്ചു സിക്സും ഒമ്പതു ഫോറുമടക്കം 139 റൺസെടുത്ത താരം 46ാം ഓവറിലാണ് പുറത്തായത്. എസ്.ആർ. ആഥിഷ് (54 പന്തിൽ 33), ബൂപതി വൈഷ്ണ കുമാർ (20 പന്തിൽ 35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ആറു വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോം ആണ് തമിഴ്നാടിനെ പിടിച്ചുകെട്ടിയത്. ഒമ്പതു ഓവറിൽ 46 റൺസ് വഴങ്ങിയാണ് താരം ആറു വിക്കറ്റ് വീഴ്ത്തിയത്. അങ്കിത് ശർമ, ബിജു നാരായണൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിക്കും കേരളത്തെ രക്ഷിക്കാനായില്ല. 45 പന്തിൽ അഞ്ചു സികസും ഏഴു ഫോറുമടക്കം 73 റൺസ് അടിച്ചെടുത്താണ് താരം പുറത്തായത്. രോഹനെ കൂടാതെ, ബാബാ അപരാജിത് (38 പന്തിൽ 35), വിഷ്ണു വിനോദ് (31 പന്തിൽ 35), സൽമാൻ നിസാർ (48 പന്തിൽ 25) എന്നിവർ മാത്രമാണ് കേരള നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഓപ്പണിങ് വിക്കറ്റിൽ കൃഷ്ണ പ്രസാദും രോഹനും മികച്ച തുടക്കം നൽകിയിട്ടും പിന്നാലെ വന്നവർക്ക് അത് ഏറ്റെടുക്കാനായില്ല. ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 57 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഒമ്പതാം ഓവറിൽ 25 പന്തിൽ 14 റൺസെടുത്ത കൃഷ്ണ പ്രസാദിനെ പുറത്താക്കി സായ് കിഷോറാണ് കേരളത്തിന് ആദ്യ പ്രഹരമേൽപ്പിച്ചത്. രണ്ടാം വിക്കറ്റിൽ ബാബാ അപരാജിതും രോഹൻ കുന്നുമ്മലും ചേർന്ന് 60 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു.
16ാം ഓവറിൽ രോഹൻ പുറത്തായതോടെ കേരളത്തിന്‍റെ പ്രതീക്ഷകളും അസ്തമിച്ചു. തമിഴ്നാടിനായി ബൗളർമാർ കൃത്യമായി ഇടവേളകളിൽ വിക്കറ്റു വീഴ്ത്തി. മുഹമ്മദ് അസ്ഹറുദ്ദീൻ (ആറു പന്തിൽ ഒന്ന്), അങ്കിത് ശർമ (16 പന്തിൽ ഏഴ്), ഷറഫുദ്ദീൻ (ഏഴു പന്തിൽ ഒന്ന്), ഏദൻ ടോം (13 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒരു റണ്ണുമായി ബിജു നാരായൺ പുറത്താകാതെ നിന്നു. തമിഴ്നാടിനായി സച്ചിൻ രതി, മുഹമ്മദ് അലി എന്നിവർ നാല് വിക്കറ്റ് വീതവും സായ് കിഷോർ രണ്ടു വിക്കറ്റും വീഴ്ത്തി.
ക്വാർട്ടർ ഫൈനൽ
ജനു. 12 കർണാടക Vs മുംബൈ, ഉത്തർപ്രദേശ് Vs സൗരാഷ്ട്ര
ജനു. 13 പഞ്ചാബ് Vs മധ്യപ്രദേശ്, ഡൽഹി Vs വിദർഭ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

