പത്ത് വിക്കറ്റുമായി മിന്നിതിളങ്ങി സക്സേന! ബിഹാറിനെ തകർത്തെറിഞ്ഞ് കേരളം രഞ്ജി ക്വാർട്ടറിൽ
text_fieldsരഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് കേരളം. ബിഹാറിനെ ഇന്നിങ്സിനും 169 റൺസിനുമാണ് പുറത്താക്കിയത്. ബിഹാറിനെ ആദ്യ ഇന്നിങ്സിൽ 64 റൺസിൽ എറിഞ്ഞിട്ട കേരളം രണ്ടാം ഇന്നിങ്സിൽ 118നും ബിഹാറിനെ ഓളൗട്ടാക്കി.
ഈ മത്സരത്തിന് മുമ്പ് ആറ് കളികളിൽ 21 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ബിഹാറിനെതിരെ ഇന്നിങ്സ് ജയം സ്വന്തമാക്കിയതോടെ കേരളത്തിന് 28 പോയിന്‍റായി. ഹരിയാനെക്കെതിരെ കർണാടക തോറ്റാൽ കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ കടക്കാം. ആറ് വർഷത്തിന് ശേഷമാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ പ്രവേശനം നടത്തുന്നത്.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത കേരളം 351 റൺസാണ് നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ബിഹാർ വെറും 64ന് പുറത്തായി. പിന്നാലെ ഫോളോഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്‌സിൽ 118 റൺസിനും പുറത്തായി. രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വിതം നേടി മത്സരത്തിൽ 10 വിക്കറ്റ് സ്വന്തമാക്കിയ ജലജ് സക്സേനയാണ് ബിഹാറിനെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ ആദിത്യ സർവതെ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ സൽമാൻ നിസാറിന്‍റെ ബാറ്റിങ്ങാണ് കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചത്. 150 റൺസാണ് സൽമാൻ നിസാർ സ്വന്തമാക്കിയത്. കളിയിലെ താരവും സൽമാൻ നിസാറാണ്. ആദ്യ ദിവസം 59 റൺസെടുത്ത ഷോൺ റോജർ, 38 റൺസെടുത്ത അക്ഷയ് ചന്ദ്രൻ, 30 റൺസെടുത്ത എം.ഡി നിധീഷ് എന്നിവരും കേരളത്തിനായി നിർണായക സംഭാവന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

