നാണംകെട്ട് കേരളം, രഞ്ജിയിൽ ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനും തോറ്റു
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാണംകെട്ട് കേരളം. ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനുമാണ് കേരളത്തിന്‍റെ തോൽവി. ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 139 റൺസിന് പുറത്തായിരുന്നു. ചണ്ഡിഗഢ് ഒന്നാം ഇന്നിങ്സിൽ 416 റൺസെടുത്തു.
വിഷ്ണു വിനോദ് (43 പന്തിൽ 56), സൽമാൻ നിസാർ (85 പന്തിൽ 53) എന്നിവർ മാത്രമാണ് കേരള നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രോഹിത് ദന്ദയുടെയും വിഷ്ണു കശ്യപിന്‍റെയും ബൗളിങ്ങാണ് കേരളത്തെ തകർത്തത്. 13 ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റാണ് രോഹിത് വീഴ്ത്തിയത്. 12 ഓവറിൽ 41 റൺസ് വിട്ടുകൊടുത്ത് കശ്യപ് മൂന്നു വിക്കറ്റെടുത്തു. സചിൻ ബേബി (35 പന്തിൽ ആറ്), ബാബാ അപരാജിത് (20 പന്തിൽ 17), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), അങ്കിത് ശർമ (പൂജ്യം), ശ്രീഹരി എസ്. നായർ (33 പന്തിൽ രണ്ട്), എം.ഡി. നിധീഷ് (13 പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 38 പന്തിൽ 14 റൺസുമായി ഏദൻ ആപ്പിൾ ടോം പുറത്താകാതെ നിന്നു.
ഓപ്പണർമാരായ അഭിഷേക് ജെ. നായർ (നാലു പന്തിൽ നാല്), രോഹൻ കുന്നുമ്മൽ (13 പന്തിൽ 11) എന്നിവരെ കേരളത്തിന് രണ്ടാംദിനം തന്നെ നഷ്ടമായിരുന്നു. സന്ദർശകർക്കായി കാർതിക് സന്ദിൽ, ജഗ്ജീത് സിങ്, അർജുൻ ആസാദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഒന്നാം ഇന്നിങ്സിൽ ചണ്ഡിഗഢ് 277 റൺസിന്‍റെ ലീഡ് നേടിയിരുന്നു.
ഓപ്പണർ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും സെഞ്ച്വറികളാണ് ഒന്നാം ഇന്നിങ്സിൽ ചണ്ഡിഗഢ് സ്കോർ 400 കടത്തിയത്. 123 പന്തിൽ ഒരു സിക്സും 15 ഫോറുമടക്കം 102 റൺസെടുത്താണ് ആസാദ് പുറത്തായത്. വോറ 206 പന്തിൽ 133 റൺസെടുത്തു. ഒരു സിക്സും 11 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. അർജിത് പന്നു 98 പന്തിൽ 52 റൺസെടുത്തു. കേരളത്തിനായി ഏദൻ ആപ്പിൾ ടോം നാലു വിക്കറ്റ് വീഴ്ത്തി.
രണ്ടാംദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ചണ്ഡിഗഢിന്, സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെ ആസാദിനെ നഷ്ടമായി. ഏദൻ ആപ്പിൾ ടോമിന്‍റെ പന്തിൽ കുറ്റി തെറിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ശിവം ഭാംബ്രിയെ കൂട്ടുപിടിച്ച് വോറ ടീം സ്കോർ 250 കടത്തി. അധികം വൈകാതെ 65 പന്തിൽ 41 റൺസെടുത്ത ഭാംബ്രിയെ വിഷ്ണു വിനോദ് മടക്കി. തൊട്ടു പിന്നാലെ വോറയെയും മടക്കി വിഷ്ണുവിന്‍റെ ഇരട്ടപ്രഹരം. മധ്യനിരയിൽ അർജിത് പന്നുവിന്‍റെയും വിഷ്ണു കശ്യപിന്‍റെയും (63 പന്തിൽ 31) ബാറ്റിങ്ങാണ് ടീമിന് കരുത്തായത്. തരൻപ്രീത് സിങ് (55 പന്തിൽ 25), നിഷുങ്ക് ബിർള (22 പന്തിൽ ആറ്), ജഗ്ദീത് സിങ് (28 പന്തിൽ 15), കാർതിക് സന്ദിൽ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
രോഹിത് ധന്ദ 14 പന്തിൽ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ആപ്പിൾ ടോം 15 ഓവറിൽ 61 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. വിഷ്ണു വിനോദ് ഏഴ് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാരായ അഭിഷേക് ജെ. നായരുടെയും (നാലു പന്തിൽ നാല്), രോഹൻ കുന്നുമ്മലിന്‍റെയും (13 പന്തിൽ 11) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സചിൻ ബേബിയും (18 പന്തിൽ നാല്) മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിനായി ഒന്നാം ഇന്നിങ്സിൽ സചിൻ ബേബിയും (110 പന്തിൽ 41) ബാബാ അപരാജിതും (107 പന്തിൽ 49) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

