സി.കെ. നായിഡു ട്രോഫിയിൽ കേരളം ജയത്തിലേക്ക്; ജമ്മു-കശ്മീരിന് ഒരു വിക്കറ്റ് ശേഷിക്കെ 118 റൺസ് വേണം
text_fieldsതിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയിൽ ജമ്മു-കശ്മീരിനെതിരെ കേരളം വിജയത്തിലേക്ക്. 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു-കശ്മീർ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കശ്മീരിന് ജയിക്കാൻ 118 റൺസ് കൂടി വേണം. നേരത്തേ കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 268 റൺസിന് അവസാനിച്ചിരുന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് തുടക്കത്തിൽതന്നെ അഹ്മദ് ഇമ്രാന്റെ വിക്കറ്റ് നഷ്ടമായി. 72 റൺസെടുത്ത അഹ്മദ് ഇമ്രാനെ സർവാശിഷ് സിങ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ പവൻ ശ്രീധറിനും ആദിത്യ ബൈജുവിനുമൊപ്പം മാനവ് കൃഷ്ണ കൂട്ടിച്ചേർത്ത 87 റൺസാണ് കേരളത്തിന് കരുത്ത് പകർന്നത്. 61 റൺസെടുത്ത മാനവ് കൃഷ്ണയെയും സർവാശിഷ് സിങ് തന്നെയാണ് പുറത്താക്കിയത്. പവൻ ശ്രീധർ 24ഉം ആദിത്യ ബൈജു 25ഉം റൺസ് നേടി. ജമ്മു-കശ്മീരിന് വേണ്ടി സർവാശിഷ് സിങ് ആറും വിശാൽ കുമാർ നാലും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു-കശ്മീരിന് കേരള ബൗളർമാർ തുടക്കത്തിൽതന്നെ പ്രഹരമേൽപ്പിച്ചു. ഒമ്പത് റൺസെടുക്കുന്നതിനിടെ ഓപണർമാരായ കമക്ഷ് ശർമയുടെയും ബാസിത് നസീറിന്റെയും വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ആറ് റൺസെടുത്ത കമക്ഷിനെ ആദിത്യ ബൈജുവും ബാസിത് നസീറിനെ പൂജ്യത്തിന് പവൻ രാജും പുറത്താക്കി. തുടർന്നെത്തിയ ക്യാപ്റ്റൻ ശിവാൻഷ് ശർമയും ഉദയ് പ്രതാപും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, 22 റൺസെടുത്ത ശിവാൻഷ് ശർമയെ പുറത്താക്കി ഷോൺ റോജർ ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. മറുവശത്ത് 53 റൺസുമായി നിലയുറപ്പിച്ച ഉദയ് പ്രതാപിനെ ജെ.എസ്. അനുരാജ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. ആർണവ് ഗുപ്ത, ഫൈസാൻ അഹ്മദ് എന്നിവരെക്കൂടി അനുരാജ് തന്നെ മടക്കിയതോടെ കളി കേരളത്തിന്റെ വരുതിയിലായി.
അവസാന ഓവറുകളിൽ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് 142 റൺസെന്ന നിലയിലാണ് ജമ്മു-കശ്മീർ. 39 റൺസുമായി റൈദാമും അക്കൗണ്ട് തുറക്കാതെ സർവാഷിഷ് സിങ്ങുമാണ് ക്രീസിൽ. കേരളത്തിനായി ജെ.എസ്. അനുരാജ് നാല് വിക്കറ്റും ഷോൺ റോജർ, പവൻ രാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

