ഗോ കേരള ഗോ
text_fieldsഅഹ്മദാബാദ്: രഞ്ജി ട്രോഫിയിൽ ആറു വർഷം മുമ്പ് സെമിവരെ എത്തിയിട്ടും മാറോടു ചേർക്കാനാവാത്ത കിരീടം നാട്ടിലെത്തിക്കാൻ കേരളം ഇന്ന് പാഡുകെട്ടുന്നു. ഗുജറാത്തിനെതിരെ അവരുടെ തട്ടകമായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഒരു പിടി താരങ്ങളുടെ അമാനുഷ പ്രകടനത്തിന്റെ ചിറകേറിയാണ് സച്ചിൻ ബേബി നയിക്കുന്ന കേരളം ഇത്തവണ സെമിപ്രവേശം സാധ്യമാക്കിയത്. മുംബൈയടക്കം വമ്പന്മാരെ വീഴ്ത്തി കറുത്ത കുതിരകളാകായെത്തിയ ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിങ്സിൽ പിടിച്ച ഒറ്റ റൺ ലീഡാണ് ടീമിന് തുണയായത്. രണ്ടാം ഇന്നിങ്സിൽ 399 റൺസ് വിജയലക്ഷ്യം മുന്നിൽവെച്ച എതിരാളികൾക്കെതിരെ ക്ഷമയോടെ ബാറ്റുവീശിയ ടീം കളി സമനിലയും സെമിയും സാധ്യമാക്കുകയായിരുന്നു.
സൽമാൻ നിസാർ (44 നോട്ടൗട്ട്)- മുഹമ്മദ് അസ്ഹറുദ്ദീൻ (67 നോട്ടൗട്ട്) സഖ്യം ഏഴാം വിക്കറ്റിൽ ഉയർത്തിയ അപരാജിത കൂട്ടുകെട്ടാണ് കളി കേരളത്തിന്റെതാക്കിയത്. ആദ്യ ഇന്നിങ്സിൽ സൽമാൻ നിസാർ കുറിച്ച സെഞ്ച്വറി ടീമിന് ഒറ്റ റൺ ലീഡ് നൽകിയതും തുണയായി. മുനകൂർത്ത ബൗളിങ്ങുമായി എം.ഡി നിധീഷ് 10 വിക്കറ്റെടുത്ത് ജമ്മു കശ്മീർ ബാറ്റിങ്ങിനെ നിലക്കുനിർത്തുകയും ചെയ്തു. സീസണിൽ താരം ഇതുവരെ 22 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 690 റൺസും 470 വിക്കറ്റും സ്വന്തം പേരിലുള്ള മധ്യപ്രദേശുകാരനായ 38കാരൻ ജലജ് സക്സേന കേരളത്തിന്റെ വിശ്വസ്തനായ ഓൾറൗണ്ടറാണ്. ഗ്രൂപ് ഘട്ടത്തിൽ താരം ബിഹാറിനെതിരെ 10 വിക്കറ്റ് നേടി ടീമിന്റെ ക്വാർട്ടർ ഉറപ്പാക്കിയിരുന്നു.
മറുവശത്ത്, 2016-17 സീസണിലെ ചാമ്പ്യന്മാരായ ഗുജറാത്ത് 2019-20ൽ സെമി വരെയെത്തിയ ശേഷം ആദ്യമായാണ് വീണ്ടും അവസാന നാലിലേക്ക് ടിക്കറ്റെടുക്കുന്നത്. രാജ്കോട്ടിലെ ക്വാർട്ടറിൽ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും കടന്നായിരുന്നു സെമി പ്രവേശനം. മനാൻ ഹിങ് രജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ എന്നിവരടങ്ങിയ മധ്യനിരയുടെ കരുത്തിലായിരുന്നു ടീമിന്റെ സെമി യാത്ര. ക്വാർട്ടറിൽ 140 റൺസുമായി തിളങ്ങിയ ഉർവിലായിരുന്നു ടീമിന്റെ വിജയ ശിൽപി. ജയ്മീത് ഇതുവരെ രണ്ടു സെഞ്ച്വറികളും നാല് അർധ സെഞ്ച്വറികളുമടക്കം സീസണിൽ 582 റൺസ് നേടിയിട്ടുണ്ട്. തൊട്ടുപിറകിലുള്ള ഹിങ് രജിയ 570 റൺസും സ്വന്തമാക്കി.
ടീം കേരളം: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ഷോൺ റോജർ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവാതെ, എം.ഡി. നിധീഷ്, നെടുമൺകുഴി ബേസിൽ, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, ബാബ അപരാജിത്ത്, വിഷ്ണു വിനോദ്, കെ.എം ആസിഫ്, ഫാസിൽ ഫാനൂസ്, വത്സൽ ഗോവിന്ദ്, കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണൻ.
ഗുജറാത്ത്: പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർത്ഥ് ദേശായി, മനൻ ഹിൻഗ്രാജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ(ക്യാപ്റ്റൻ), വിശാൽ ജയ്സ്വാൾ, രവി ബിഷ്ണോയ്, അർസൻ നാഗ്വാസ്വല്ല, പ്രിയജിത്സിംഗ് ജഡേജ, ഋഷി പട്ടേൽ, ആദിത്യ ഉദയ്കേുമാർ പട്ടേൽ, റിങ്കേഷ് വഗേല, ഉമാങ് കുമാർ, തേജസ് പട്ടേൽ, ഹേമങ് പട്ടേൽ, ഹെറ്റ് പട്ടേൽ, ക്ഷിതിജ് പട്ടേൽ
രണ്ടാം സെമിയിൽ മുംബൈ- വിദർഭ
നാഗ്പൂർ: ഏറ്റവും മികച്ച ബാറ്റിങ്- ബൗളിങ് നിരകളുമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈയും വിദർഭയും രഞ്ജിട്രോഫി സെമിയിൽ മുഖാമുഖം. അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഷാർദുൽ താക്കൂർ തുടങ്ങിയവർ അണിനിരക്കുന്ന മുംബൈ, ഗ്രൂപ് ഘട്ടത്തിൽ കാണിച്ച ആലസ്യം തുടർന്നും കാണിച്ചാൽ എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാകും. കാരണം, യാശ് റാഥോഡ്, കരുൺ നായർ, അക്ഷയ് വാഡ്കർ തുടങ്ങി ഓരോ കളിയിലും കരുത്തുകാട്ടിയവരുമായാണ് വിദർഭയെത്തുന്നത്.
ടീം മുംബൈ: അജിങ്ക്യ രഹാനെ (സി), ആയുഷ് മാത്രെ, അംഗ്കൃഷ് രഘുവംശി, അമോഘ് ഭട്കൽ, സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ (പരിക്ക്), സിദ്ധേഷ് ലാഡ്, ശിവം ദുബെ, ആകാശ് ആനന്ദ്, ഹാർദിക് താമോർ, സൂര്യൻഷ് കോട്ജി, ഷാർദുൽ താക്കൂർ, സിൽവസ്റ്റർ ഡിസൂസ, റോയ്സ്റ്റൺ ഡയസ്, അഥർവ അങ്കൊലേക്കർ, ഹർഷ് തന്ന.
വിദർഭ: അക്ഷയ് വാഡ്കർ (ക്യാപ്റ്റൻ), അഥർവ ടൈഡെ, അമൻ മൊഖഡെ, യാഷ് റാത്തോഡ്, ഹർഷ് ദുബെ, അക്ഷയ് കർണേവാർ, യാഷ് കദം, അക്ഷയ് വഖാരെ, ആദിത്യ താക്കറെ, ദർശൻ നൽകണ്ടെ, നചികേത് ഭൂതേ, സിദ്ധേഷ് ന വാത്, കരുൻ രേഖാ, പാർത്ഥ് രേഖ്, ദനിഷ് താക്കൂർ, ദനിഷ് താക്കൂർ ഷോറേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

