രണ്ടു വിക്കറ്റ് അകലെ സീസണിലെ ആദ്യ ജയം ‘കൈവിട്ട്’ കേരളം, രഞ്ജിയിൽ മധ്യപ്രദേശിനെതിരെ സമനില, മൂന്നുപോയന്‍റ്
text_fieldsഇന്ദോര്‍: രഞ്ജി ട്രോഫി സീസണിലെ ആദ്യം ജയം മോഹിച്ചിറങ്ങിയ കേരളത്തിന് സമനില. ത്രില്ലർ പോരിൽ മധ്യപ്രദേശിനെതിരെ രണ്ടു വിക്കറ്റ് അകലെയാണ് കേരളം ജയം കൈവിട്ടത്. ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് മൂന്നു പോയന്‍റ് ലഭിച്ചു.
അവസാനദിനം കേരളമുയർത്തിയ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മധ്യപ്രദേശ് സമനില പൊരുതിനേടുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഒരുഘട്ടത്തിൽ കേരളം ജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒമ്പതാം വിക്കറ്റിൽ ആര്യൻ പാണ്ഡെയും (85 പന്തിൽ 23) കുമാർ കാർത്തികേയയും (54 പന്തിൽ 16) നടത്തിയ ചെറുത്തുനിൽപ്പാണ് സന്ദർശകർക്ക് തിരിച്ചടിയായത്. കേരളത്തിനായി ശ്രീഹരി എസ്. നായർ നാലും ഏദൻ ആപ്പിൾ ടോം രണ്ടു വിക്കറ്റും നേടി.
സ്കോർ: കേരളം 281, അഞ്ചിന് 314 ഡിക്ലയർ. മധ്യപ്രദേശ് 192, എട്ടിന് 167. സമനിലയോടെ കേരളത്തിന്‍റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു. 59 പന്തിൽ 31 റൺസെടുത്ത സരാൻഷ് ജെയിനാണ് മധ്യപ്രദേശിന്‍റെ ടോപ് സ്കോറർ. കേരളം രണ്ടാം ഇന്നിങ്സ് അഞ്ചിന് 314 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. അവസാന ദിനത്തിലെ രണ്ട് സെഷനില്‍ മധ്യപ്രദേശിന് വെച്ചുനീട്ടിയത് അസാധ്യമായ വിജയലക്ഷ്യം. പത്ത് വിക്കറ്റ് വീഴ്ത്തിയാല്‍ കേരളത്തിന് ജയിക്കാം. ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ തുടക്കത്തില്‍ തന്നെ കേരളം ഞെട്ടിച്ചു. ശ്രീഹരി എറിഞ്ഞ ആദ്യ നാലാം പന്തിൽ തന്നെ റണ്ണൊന്നും എടുക്കാതെ ഓപ്പണർ ഹര്‍ഷ് ഗാവാലി പുറത്ത്. മറ്റൊരു ഓപ്പണറായ യാഷ് ദുബെ (23 പന്തിൽ 19), ഹിമാൻഷു മന്ത്രി (56 പന്തിൽ 26), ഹർപ്രീത് സിങ് (31 പന്തിൽ 13) എന്നിവരെയും ശ്രീഹരി മടക്കിയതോടെ കേരളത്തിന് പ്രതീക്ഷ. ശുഭം ശർമ (58 പന്തിൽ 18) റണ്ണൗട്ടായി. ടീം 78-5 എന്ന നിലയിലേക്ക് വീണു.
സരാന്‍ഷ് ജെയിനാണ് അല്‍പമെങ്കിലും പൊരുതിയത്. റിഷഭ് ചൗഹാന്‍ (7), അര്‍ഷാദ് ഖാന്‍ എന്നിവരേയും പുറത്താക്കി കേരളം ജയത്തിനരികെയെത്തി. എട്ടുവിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലേക്ക് മധ്യപ്രദേശ് വീണു. കേരളത്തിന്‍റെ ജയം രണ്ടു വിക്കറ്റ് അകലെ. ആര്യൻ പാണ്ഡെയും(23) കുമാർ കാർത്തികേയയും പൊരുതിന്നു. കേരള ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ എട്ടു വിക്കറ്റിന് 167 എന്ന നിലയിൽ നാലാം ദിനം കളിയവസാനിച്ചു. മത്സരം സമനിലയിൽ.
നേരത്തെ, സചിന്‍ ബേബി (122*), ബാബ അപരാജിത് (105) എന്നിവരുടെ സെഞ്ച്വറികളാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിക്ക് രണ്ട് റൺസകലെയാണ് അപരാജിത് വീണത്. അഭിഷേക് നായർ (30), അഹമ്മദ് ഇമ്രാൻ (24) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. മധ്യപ്രദേശിനായി സരൺഷ് ജെയിൻ മൂന്ന് വിക്കറ്റ് നേടി.
മൂന്നിന് 226 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. പിന്നാലെ സച്ചിനും അപരാജിതും സെഞ്ച്വറി പൂര്‍ത്തിയാക്കി. 149 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും നേടി അപരാജിത് സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ റിട്ടയേര്‍ഡ് ഹര്‍ട്ടായി. അധികം വൈകാതെ സചിനും സെഞ്ച്വറി നേടി. 217 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. അപരാജിതിന് ശേഷം അഹമ്മദ് ഇമ്രാന്‍ (24), അഭിജിത് പ്രവീണ്‍ (11) എന്നിവരുടെ വിക്കറ്റുകളും കേരളത്തിന് നഷ്ടമായി. രോഹന്‍ കുന്നുമ്മല്‍ (7), അഭിഷേക് നായര്‍ (30), മുഹമ്മദ് അസ്ഹറുദ്ദീന്‍ (2) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു.
നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 281നെതിരെ മധ്യപ്രദേശ് 192ന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡി എന്നിവരാണ് മധ്യ പ്രദേശിനെ തകര്‍ത്തത്. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യ പ്രദേശിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

