സഞ്ജുവും സചിനും വീണ പിച്ചിൽ വീറുകാട്ടി അരങ്ങേറ്റക്കാരൻ ബാസിത്ത്, കേരളത്തിന് ആവേശജയം
text_fieldsഹരിയാനക്കെതിരെ വിജയറൺ നേടിയശേഷം അബ്ദുൽ ബാസിത്തിന്റെ ആഹ്ലാദം
മൊഹാലി: മികച്ച ഫോമിലുള്ള നായകൻ സഞ്ജു സാംസൺ ഉൾപെടെയുള്ള മധ്യനിര ബാറ്റിങ് നിര അപ്രതീക്ഷിത തകർച്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അബ്ദുൽ ബാസിത്തിന്റെ മനസ്സാന്നിധ്യം കേരളത്തിന്റെ തുണക്കെത്തി. ബാസിത്തിന്റെ അപരാജിത ഇന്നിങ്സിന്റെ ബലത്തിൽ സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ആവേശജയം സ്വന്തമാക്കി കേരളം. 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 27 റൺസെടുത്ത ബാസിത്തിന്റെ മികവിൽ ഹരിയാനക്കെതിരെ മൂന്നു വിക്കറ്റിന്റെ ഗംഭീരജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഹരിയാനയെ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റിന് 131 റൺസിലൊതുക്കിയ കേരളം മറുപടി ബാറ്റിങ്ങിൽ ഒരോവർ ബാക്കിയിരിക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് കേരളത്തിന്റെ തുടക്കം മികവുറ്റതായിരുന്നു. വിഷ്ണു വിനോദും (26 പന്തിൽ രണ്ടു ഫോറും ഒരു സിക്സുമടക്കം 25), രോഹൻ കുന്നുമ്മലും (18 പന്തിൽ അഞ്ചു ഫോറടക്കം 26) 6.3 ഓവറിൽ ഒന്നാം വിക്കറ്റിൽ 52 റൺസ് ചേർത്തു. എന്നാൽ ജയന്ത് യാദവിന്റെ പന്തിൽ രോഹൻ ക്ലീൻബൗൾഡായതോടെ അപ്രതീക്ഷിത തകർച്ചയിലേക്ക് വഴിമാറുകയായിരുന്നു കേരള ഇന്നിങ്സ്.
തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ സഞ്ജു സാംസൺ നാലു പന്തിൽ മൂന്നു റൺസ് മാത്രമെടുത്ത് തിരിച്ചുകയറി. അമിത് മിശ്രക്കെതിരെ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ഹിമാൻഷു റാണ കൈയിലൊതുക്കുകയായിരുന്നു. പിന്നാലെ, വിഷ്ണുവിനെ രാഹുൽ തെവാത്തിയ വിക്കറ്റിനു മുന്നിൽ കുടുക്കി. ഈ തിരിച്ചടിയിൽനിന്ന് കരകയറാൻ ശ്രമിക്കവേ, കർണാടകയെ തകർത്ത കഴിഞ്ഞ കളിയിലെ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീൻ (11 പന്തിൽ ഒരു ഫോറടക്കം 13) റണ്ണൗട്ടായി.
വൈസ് ക്യാപ്റ്റൻ സചിൻ ബേബിയെയും (ആറു പന്തിൽ നാല്) തെവാത്തിയ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയതോടെ കേരളം അഞ്ചിന് 75 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. 14 പന്തിൽ ഒമ്പതു റൺസെടുത്ത കൃഷ്ണപ്രസാദും യാദവിന് വിക്കറ്റ് സമ്മാനിച്ചതോടെ ആറിന് 90. പിന്നീട് സിജോമോൻ ജോസഫും (16 പന്തിൽ 13) വീണെങ്കിലും മനുകൃഷ്ണനെ (നാല് നോട്ടൗട്ട്) കൂട്ടുനിർത്തി ആധികളില്ലാതെ ബാസിത്ത് കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തേ, ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിനുവേണ്ടി ബൗളർമാർ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അരങ്ങേറ്റത്തിനിറങ്ങിയ അബ്ദുൽ ബാസിത് ഇന്നിങ്സിലെ ആദ്യ പന്തിൽ അങ്കിത് കുമാറിനെ റണ്ണെടുക്കുംമുമ്പേ വിക്കറ്റിനു മുന്നിൽ കുടുക്കി. ചൈതന്യ ബിഷ്ണോയിയെ (അഞ്ച്) മനുകൃഷ്ണൻ വിഷ്ണു വിനോദിന്റെ കൈകളിലെത്തിച്ചപ്പോൾ ക്യാപ്റ്റൻ ഹിമാൻഷു റാണയെ (ഒമ്പത്) വൈശാഖ് ചന്ദ്രന്റെ പന്തിൽ ആസിഫ് പിടിച്ച് പുറത്താക്കി. നാലാം ഓവറിൽ മൂന്നിന് 14 റൺസെന്ന നിലയിലായിരുന്നു ഹരിയാന.
പിന്നീട് നിഷാന്ത് സിന്ധു (15പന്തിൽ 10), പ്രമോദ് ചാണ്ഡില (33 പന്തിൽ 24), ദിനേഷ് ബാന (ആറു പന്തിൽ 10) എന്നിവരും നിലയുറപ്പിക്കും മുമ്പ് മടങ്ങിയതോടെ 12.2 ഓവറിൽ ആറിന് 62 റൺസെന്ന അപകടനിലയിലായിരുന്നു ഹരിയാന. ഈ ഘട്ടത്തിൽ ഒത്തുചേർന്ന സുമിത് കുമാറും (23 പന്തിൽ മൂന്നു സിക്സടക്കം 30 നോട്ടൗട്ട്), ജയന്ത് യാദവും (25 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കം 39) ഏഴാം വിക്കറ്റിൽ നടത്തിയ ചെറുത്തുനിൽപാണ് സ്കോർ 131ലെത്തിച്ചത്. ബാസിത്തിനും മനുകൃഷ്ണനും വൈശാഖിനും പുറമെ ബേസിൽ തമ്പി, സിജോമോൻ ജോസഫ്, കെ.എം. ആസിഫ് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

