രോഹന് സെഞ്ച്വറി (109 പന്തിൽ 122); ജയിച്ചുതുടങ്ങി കേരളം; ഒമാനെ വീഴ്ത്തിയത് നാലു വിക്കറ്റിന്
text_fieldsമസ്‌കറ്റ്: ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഒമാന്‍ ചെയര്‍മാന്‍സ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്.
ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ഒമാൻ ടീം ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ കേരളം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 50 ഓവറില്‍ 326 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ അഞ്ചു പന്തുകൾ ബാക്കി നിൽക്കെ കേരളം ലക്ഷ്യത്തിലെത്തി. സ്കോർ - ഒമാൻ 50 ഓവറിൽ 326 റൺസിന് ഓൾ ഔട്ട്. കേരളം 49.1 ഓവറിൽ ആറു വിക്കറ്റിന് 329 റൺസ്.
കേരളത്തിനായി സല്‍മാന്‍ നിസാറും ഷോണ്‍ റോജറും അർധ സെഞ്ച്വറി നേടി തിളങ്ങി. 109 പന്തിൽ നാലു സിക്സും 12 ഫോറുമടക്കം 122 റൺസെടുത്താണ് രോഹൻ പുറത്തായത്. സൽമാൻ 91 പന്തിൽ 87 റൺസെടുത്തു. രണ്ടു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ഷോൺ റോജർ 48 പന്തിൽ 56 റൺസെടുത്തു. കേരളത്തിനായി ഓപ്പണർമാരായ രോഹനും അഹ്‌മദ് ഇംറാനും ഭേദപ്പെട്ട തുടക്കം നല്‍കി.
ഇംറാനും (28 പന്തിൽ 23) മുഹമ്മദ് അസ്ഹറുദ്ദീനും (പൂജ്യം) ഒരേ ഓവറില്‍ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ രോഹനും സൽമാനും ക്രീസിൽ നിലയുറപ്പിച്ചു. ഇരുവരും ചേർന്ന് നേടിയ 146 റണ്‍സാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അക്ഷയ് മനോഹറും (12 പന്തിൽ 19) ഷറഫുദ്ദീനും (രണ്ടു പന്തിൽ നാല്) ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. അബ്ദുൽ ബാസിത്താണ് (രണ്ടു പന്തിൽ ഒന്ന്) പുറത്തായ മറ്റൊരു താരം.
ഒമാന് വേണ്ടി ഹുസൈന്‍ അലി ഷാ നാല് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ, ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ് ഒമാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജതീന്ദര്‍ സിങ്ങും ആമിര്‍ കലീമും ഓപ്പണിങ് കൂട്ടുകെട്ടില്‍ 137 റണ്‍സാണ് അടിച്ചെടുത്തത്. ജതീന്ദര്‍ സിങ് 136 പന്തുകളില്‍ 150 റണ്‍സും ആമിര്‍ കലീം 68 പന്തുകളില്‍ 73 റണ്‍സും നേടി. എന്നാല്‍, ആമിര്‍ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ബാറ്റർമാർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. കേരളത്തിനുവേണ്ടി എം.ഡി. നിധീഷും ഏദന്‍ ആപ്പിള്‍ ടോമും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

