വീണ്ടും സഞ്ജു വെടിക്കെട്ട്, ഓപ്പണിങ്ങിൽ ഇറങ്ങി 46 പന്തിൽ 89 റൺസ്; തൃശൂർ ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം; അജിനാസിന് ആദ്യ ഹാട്രിക്ക്
text_fieldsസഞ്ജു സാംസൺ
തിരുവനന്തപുരം: ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് അടിവരയിടുന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും സഞ്ജു സാംസൺ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെതിരെ തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ് താരം പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. 46 പന്തുകൾ നേരിട്ട സഞ്ജു 89 റൺസെടുത്താണ് പുറത്തായത്. ഒമ്പതു സിക്സുകളും നാലു ഫോറുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. 26 പന്തുകളിൽനിന്നാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്സിനെതിരെ സഞ്ജു വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു.
സഞ്ജുവിന്‍റെ അർധ സെഞ്ച്വറി കരുത്തിലാണ് കൊച്ചി ഭേദപ്പെട്ട സ്കോറിലെത്തിയത്. മുഹമ്മദ് ഷാനു 29 പന്തിൽ 24 റൺസെടുത്ത് പുറത്തായപ്പോൾ, ആൽഫി ഫ്രാൻസിസ് ജോൺ 13 പന്തിൽ 22 റൺസെടുത്ത് പുറത്താകാതെ നിന്നു. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. വി. മനോഹരൻ (ഏഴു പന്തിൽ അഞ്ച്), നിഖിൽ (11 പന്തിൽ 18), നായകൻ സാലി സാംസൺ (ആറു പന്തിൽ 16), പി.എസ്. ജെറിൻ (പൂജ്യം), മുഹമ്മദ് ആഷിഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
തൃശൂരിനായി കെ. അജിനാസ് ഹാട്രിക് നേടി. 18 ഓവറിൽ സഞ്ജുവിനെയും ജെറിനെയും ആഷിഖിനെയും പുറത്താക്കിയാണ് താരം കെ.സി.എല്ലിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. നാലു ഓവർ എറിഞ്ഞ താരം 30 റൺസ് വഴങ്ങി മത്സരത്തിൽ മൊത്തം അഞ്ചു വിക്കറ്റെടുത്തു. ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

