കെ.സി.എൽ ഫൈനൽ ഇന്ന്; കൊച്ചി Vs കൊല്ലം
text_fieldsകൊല്ലം സെയിലേഴ്സ് ഫേസ്ബുക്കില് പങ്കുവച്ച ചിത്രം
തിരുവനന്തപുരം: കെ.സി.എൽ ഫൈനൽ പോരാട്ടം ഞായറാഴ്ചച നടക്കും. കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് മത്സരം. കളിച്ച പത്ത് മത്സരങ്ങളിൽ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്സ് സെമി ഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെതിരെ 15 റൺസിന്റെ വിജയം.
ഒടുവിൽ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവം കൊച്ചിക്ക് വലിയ നഷ്ടമാണ്. എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. സെമിയിലൊഴികെ മറ്റ് മത്സരങ്ങളിലെല്ലാം വിനൂപ് മനോഹരൻ നൽകിയ തകർപ്പൻ തുടക്കങ്ങളാണ് ടീമിന്റെ വിജയത്തിൽ നിർണായകമായത്. 11 ഇന്നിങ്സുകളിൽ നിന്നായി 344 റൺസുമായി ബാറ്റിങ് പട്ടികയിൽ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോൾ.
മുഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തും സാലി സാംസനും അടങ്ങുന്ന മധ്യനിരയും ശക്തം. മധ്യനിരം നിറം മങ്ങിയ മത്സരങ്ങളിൽ ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും മുഹമ്മദ് ആഷിഖും ജെറിൻ പി.എസുമടങ്ങിയ ഓൾ റൗണ്ടർമാരായിരുന്നു ടീമിനെ കരകയറ്റിയത്.
ബൌളിങ്ങിൽ കെ.എം ആസിഫാണ് ടീമിന്റെ കരുത്ത്. ഏഴ് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുമായി ബൌളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ആസിഫ്. ആസിഫിന്റെ വേഗവും കൃത്യതയും അനുഭവസമ്പത്തും ഫൈനലിലും ടീമിന് മുതൽക്കൂട്ടാവും. അവസാന മത്സരങ്ങളിൽ ടീമിനായിറങ്ങിയ പി.കെ മിഥുനും മികച്ച ബൌളിങ് കാഴ്ച വയ്ക്കുന്നുണ്ട്.
മറുവശത്ത് പത്ത് മത്സങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്സ്. എന്നാൽ സെമിയിൽ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അവരുടേത്.
മികച്ച ഫോമിലുള്ള ബൗളർമാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങളിൽ നിർണായകമായത്. അഖിൽ സ്കറിയ കഴിഞ്ഞാൽ ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് കൊല്ലത്തിന്റെ അമൽ എ.ജിയാണ്.ഇത് വരെ 16 വിക്കറ്റുകൾ വീഴ്ത്തിയ അമൽ തന്നെയായിരുന്നു സെമിയിൽ തൃശൂരിനെതിരെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

